Tuesday, November 22, 2011

മറ്റൊരു ചരമഗീതം, അല്ല! പ്രേതഗീതം 
ഇവിടെ ഞാന്‍ ഉണ്ടായിരുന്നു ........
കല്ലായി മണ്ണായി 
ചെടിയായി വടു വൃക്ഷമായി 
അതിന്മേലെ ഫലമായി കിളിയായി;
എന്‍ കാലുകളെ ഇക്കിളിപ്പെടുത്തി
കൊഞ്ചിക്കുഴഞ്ഞൊരു പുഴയുമൊഴുകിയിരുന്നു,
ഇതെന്‍റെയും അവളുടെയും പ്രേതഗീതം.
ആദ്യം നിങ്ങളവളെ
എന്നില്‍ നിന്നും പറിച്ചെറിഞ്ഞു,
അവളുടെ കൊഞ്ചുന്ന ചിണുങ്ങുന്ന മണല്‍ഹൃദയം
നിങ്ങള്‍ കോണ്‍ക്രീറ്റിനുള്ളില്‍ കുഴിച്ചിട്ടു.
     'ചക്രങ്ങള്‍'* സൃഷ്‌ടിച്ച നിങ്ങള്‍ക്കായിതാ 
ഞാനെഴുതിയ നിങ്ങളുടെ ചക്രം-
കാടനായി, നാടനായി, നാഗരികനായി
പിന്നെ വീണ്ടും 'കാടനായി'.
കാന്‍സര്‍ സെല്ലുകള്‍ കണക്കെ
കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊങ്ങുമ്പോള്‍
ബാധിക്കുന്നതെന്‍ ഹൃദയത്തിനാണ്   കാന്‍സര്‍    
അതിന്‍റെ വ്യാപനത്തിന് വേഗത കൂട്ടാനായി 
നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നൊരൊന്നൊന്നര
ഓങ്കോ ജീനിനെ**- ജെ.സീ.ബി എന്നൊരു ഓമന.
ഇപ്പോള്‍ നിങ്ങളെന്നെ പഴഞ്ച്നെന്നു പറഞ്ഞേക്കാം
നിന്‍റെ നെഞ്ച് വെട്ടിപ്പൊളിക്കുമ്പോള്‍ നീയും പഴഞ്ചനാകും.
പെണ്ണിനെ വിറ്റവനെക്കാള്‍ മാന്യതയോ,
മണ്ണിനെ വിറ്റവന്????!
നോട്ടിന്‍റെ ;    ഹുങ്കിന്‍റെ നുളപ്പില്‍ നീയെത്രകാലം?
നിന്‍ കാലിന്‍ ചുവട്ടിലെ മണ്ണുമാന്തി
നിന്‍ കീശ വീര്‍പ്പിച്ചു എത്രകാലം!
'പ്രകൃതി വിരുദ്ധങ്ങളെ' കണ്ണടച്ചനുകൂലിച്ചും
പറയാതെ സമ്മതിച്ചവരായ നിങ്ങള്‍,
പട്ടാപ്പകല്‍, എന്‍ ഉടുതുണി ഉരിഞ്ഞപ്പോള്‍
എന്നെ ബാലാത്സംഘം  ചെയ്തപ്പോള്‍ 
നിര്‍ന്നിമേഷരായി, ഉദ്വേഗഭരിതരായി
ഇമവെട്ടാതെ നോക്കിനിന്നപ്പോള്‍
അതിശയപ്പെട്ടില്ല   തെല്ലും  സങ്കടപ്പെട്ടുമില്ല ഞാന്‍.
ചരിത്രത്തെ അവഗണിക്കുന്ന 
പാടമുള്‍ക്കൊള്ലാത്ത  മൂഡാ,
അവള്‍ വരും ഒരു മഹാപ്രളയമായ്
കല്ലുടച്ചുതകര്‍ത്തു മണ്ണാക്കി , മണ്ണുകൂട്ടി കല്ലാക്കി
എന്നെ അവള്‍ പുന:സൃഷ്ടിക്കും 
എന്‍റെ കാലില്‍ അന്നവള്‍, പഴയപോലെ 
വീണ്ടും ചിണുങ്ങിയൊഴുകും - ശാന്തയായി
ഇന്നലെ ഞാനുണ്ടായിരുന്നു, ഇന്ന് ഞാനില്ല 
പക്ഷെ നാളെ ഞാനുണ്ടാകും,
അത് കാണാന്‍ നീയുണ്ടാകില്ല-
തെന്നതെന്‍ വലിയ നൊമ്പരം.




*ചക്രങ്ങള്‍ - nitrogen cycle, rain cycle, CO2 cycle etc.
** Oncogene - Gene responsible for cancer