Tuesday, September 25, 2012

റൂംമേറ്റ്സ് 

ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍ ആണെന്നു തിരിച്ചറിഞ്ഞത്  പെട്ടന്നായിരുന്നു.
രണ്ടുപേരുടെയും മനസ്സ് പ്രണയാര്‍ദ്രമാണ്, പക്ഷെ.....
പ്രണയം എന്നത് ഒരാള്‍ക്ക്‌ മാത്രം തോന്നിയാല്‍ പോരല്ലോ!
ഉള്ളവന് ദൈവം വീണ്ടും വീണ്ടും കൊടുക്കുമെന്ന തത്വം ഞങ്ങള്‍ തലനാരിഴകീറി (ഉദാഹരണം സഹിതം) പ്രണയത്തിന്‍റെ കാര്യത്തിലും സത്യമാണെന്നു സമ്മര്‍ത്ഥിച്ചു. മണിക്കൂറുകള്‍ നീണ്ട മനസ്സുതുറക്കല്‍........
പറഞ്ഞു പറഞ്ഞു മനസ്സ് മുഷിഞ്ഞപ്പോഴോ, തളര്‍ന്നപ്പോഴോ അവന്‍ കുളിക്കാനായി എഴുന്നേറ്റു പോയി. പ്രണയാര്‍ദ്രമായ എന്‍റെ മനസ്സ് ഏകാന്തതയെ വെറുത്തത്  കൊണ്ടാവാം, മൊബൈല്‍  എടുത്തു കണ്ടവര്‍ക്കെല്ലാം അഭിവാദ്യങ്ങള്‍ പറത്തിവിട്ടു...........
പത്തുപതിനഞ്ചെണ്ണം അയച്ചതില്‍ മൂന്നു നാല് വിരസമായ പ്രത്യഭിവാദനങ്ങള്‍ തിരിച്ചു വന്നു. അതല്പരമായ സ്വഭാവം കാണിച്ചവയാണെങ്കിലും ഞാന്‍ വിട്ടില്ല, പ്രത്യഭിവാദനങ്ങളില്‍ കടിച്ചു തൂങ്ങി പുറകെ കൂടി. അപ്പോഴേക്കും അവന്‍ കുളി കഴിഞ്ഞു തിരിച്ചെത്തിയിരുന്നു. കണ്ണാടിയുടെ മുന്‍പില്‍  പതിവില്‍ കവിഞ്ഞ സമയം ചിലവാക്കുന്നത്, മേസ്സേജുകളിലൂടെ എനിയ്ക്കൊരു ജീവിതം കെട്ടിപ്പടുക്കാന്‍ തിരക്കിട്ട് ശ്രമിക്കുന്നതിനിടയിലും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍, അവന്‍ വളരെ മെല്ലെ ഞാന്‍ കേള്‍ക്കരുതെന്ന നിര്‍ബന്ധത്തോടെ പറഞ്ഞ ആത്മഗതം ഞാന്‍ കേട്ടു- "സൌന്ദര്യം ഇല്ലന്നല്ലേ ഉള്ളൂ വിരൂപനല്ലാലോ?"
ചിരിയ്ക്കണോ കരയണോ എന്ന  ധര്‍മസങ്കടത്തില്‍ മൊബൈലിലേക്ക് നോക്കിയപ്പോള്‍ 'Battery Low' എന്ന് കാണിച്ചത് സുഖസുഷുപ്തിയിലേക്ക് മിന്നിമറഞ്ഞു.!@#$%

Saturday, September 15, 2012

ഒരു facebook Account ന്‍റെ  ആത്മഹത്യാശ്രമം ......

"  നാല്ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു മടുത്തപ്പോള്‍ , പുറത്തേയ്ക്ക് ഇറങ്ങി  നടന്നു; പക്ഷെ ചുമരുകളും ഒപ്പം പോന്നു"  . Wall Magazine ല്‍  കൂട്ടുകാരന്‍ അജ്മല്‍ എഴുതിയ കവിതാശകലം  നന്നായി ബോധിച്ചു.മനസ്സിലതങ്ങനെ ചുഴലിക്കാറ്റായി  അലയുകയാണ്.  'മടുപ്പ്'- അതു കൊണ്ടെത്തിക്കുന്ന ഒരു അവസ്ഥ പറഞ്ഞറിയിക്കാന്‍ പ്രയാസം, അതൊരു ലഹരി പോലെ തലയ്ക്കു പിടിച്ചിരിക്കുന്നു . അതങ്ങനെ ശരീരത്തെയും മനസ്സിനെയും ജീവച്ചവമാക്കി നിര്‍വ്വികാര പരബ്രഹ്മം കണക്കെ മൂലയ്ക്കൊതുക്കുകയാണ്. ജീവിതം പൂര്‍ണമായും (ഒരു കണിക പോലും ആസക്തി ബാക്കിയാക്കാതെ ) മടുക്കുമ്പോഴാണ്  മരണം നമ്മെ  തെടിയെത്തുകയെന്നു കേട്ടിട്ടുണ്ട്; ചിലപ്പോള്‍, മനസ്സിനെ ഭ്രാന്തമായി  അലയാന്‍ അനുവദിക്കുമ്പോള്‍ ഉള്ളിലെ ഭ്രാന്തന്‍  വിളിച്ചു പറയുന്നത് കേട്ടതുമാവാം. ആ അവസ്ഥയില്‍ , മരണം മടിച്ചു നിന്നപ്പോഴോ വൈകിയപ്പോഴോ  ആയിരിക്കാം ആളുകള്‍  വാനപ്രസ്ഥവും  സന്യാസവും  ജീവിതത്തില്‍ introduce ചെയ്തിട്ടുണ്ടാവുക. എനിക്ക് മടുത്തു- മരവിപ്പിലേക്ക് പോകുന്നതിനു മുന്‍പ്  ഞാന്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കയാണ്- ഒരു ആത്മഹാത്യശ്രമം . വിജയിക്കുമോ  എന്നെനിക്കറിയില്ല, എങ്കിലും ഒന്ന് ശ്രമിക്കാന്‍ തന്നെ ആണ് തീരുമാനം. ഇനി , chat list ല്‍  ഞാന്‍ കണ്‍തുറക്കുമ്പോള്‍ കണ്‍ചിമ്മുന്ന പല പച്ച വെളിച്ചങ്ങള്‍ക്കും ഒളിച്ചോടാതെ കണ്ണുമിഴിച്ചു പച്ചയായിരിക്കാം. ശവക്കുഴിയില്‍  ഒരു പിടി മണ്ണിട്ട്‌ പോകുന്ന 545മനോട്  ഒരു അപേക്ഷ , ശവക്കല്ലറമേല്‍ കല്ലുരുട്ടി വയ്ക്കേണ്ട; മൂന്നാംനാള്‍ അല്ലെങ്കിലും, എന്നെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍  തോന്നിയാലോ.............