അൻപതിൽ അമ്പതു നേടിയപ്പോൾ
ഒന്നാംക്ലാസ്സിലെ ടീച്ചർ പറഞ്ഞു 'മിടുക്കൻ'
വലിയ വട്ടത്തിനുള്ളിലെ അൻപതിൽ അൻപതിനെ
നോക്കി ഞാനും നിർവൃതി കൊണ്ടു.
പിന്നീട് പത്തുവരെയും അദ്ധ്യാപകർ
ആവർത്തിച്ചു 'നീയൊരു മിടുക്കൻ തന്നെ'
ആർട്സിലും സ്പോർട്സിലും സകലത്തിലും
തല കാണിച്ചപ്പോൾ കൂട്ടുകാരും പറഞ്ഞു,
'നീയാള് സംഭവാട്ടോ, മുടുക്കൻ'
അങ്ങനെ ഞാനും കരുതി
ഞാനാളു തീരെയങ്ങ് മോശല്ല!
പത്തു കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ
ഞാൻ ദുഖത്തോടെ ഓർത്തു ,
എന്തേ നിങ്ങളാരും പറഞ്ഞീലാ ?
ഈ 'ഠ' വട്ടത്തിനു പുറത്ത്
വിശാലമായൊരു ലോകമുണ്ടെന്നു...
നിങ്ങളെന്നെ തവളയാക്കി,
പൊട്ടക്കിണറ്റിലെ പൊട്ടത്തവള;
പുറത്തു ഞാൻ ആരുമല്ലായിരുന്നു.