Monday, December 7, 2015

തോന്ന്യാസം

പുരുഷ മേല്ക്കോയ്മയുടെ പാപ്പരത്തത്തെ കുറിച്ചും, സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും ലിംഗ സമത്വത്തിന്റെ അനിവാര്യതയും അനർഗള നിർഗളമായി പ്രസംഗിച്ചു കൊണ്ടിരുന്ന സ്ത്രീ വിമോചക പ്രവർത്തക, സദസ്സിലെ ആ  കാഴ്ച കണ്ടു പൊട്ടിത്തെറിച്ചു പോയി. തന്റെ മകളും ഒരു ആണ്‍ സുഹൃത്തും അടുത്തടുത്ത് ചേർന്നിരിക്കുന്നു, ഇടയ്ക്കിടെ അവർ പരസ്പരം ആരോഗ്യപരമായ കുശലാന്യേഷണങ്ങൾ നടത്തുന്നു.
"നാണമില്ലല്ലോടാ പൊതു സമൂഹത്തിൽ വെച്ചിങ്ങനെ സ്ത്രീകളോട് സംസാരിക്കാനും അടുത്തിരിക്കാനും, വൃത്തികെട്ടവാൻ;   പെണ്ണാണെന്ന വിചാരം നിനക്ക്  ഇല്ലാലോ,  നിന്നെയൊക്കെ ഇതുവരെയും കർട്ടനിട്ടു വേർതിരിച്ചിരുത്തിയ സ്കൂളിലും കോളേജിലും പഠിപ്പിച്ചതൊക്കെ വെറുതെ ആയലൊ !!"
അതുവരെ താത്പര്യത്തോടെ കേട്ടിരുന്ന സദസ്സ് രണ്ടായി  ഇരു വശത്തേക്കും പിരിഞ്ഞിരുന്നു- ആണായും പെണ്ണായും. വേദിയിലും സദസ്സിലും ഇരുവർക്കുമിടയിൽ, മറ സംഘടിപ്പിക്കുവാനായുള്ള പരക്കം പാച്ചിലിലായി സംഘാടകർ പിന്നെ. മുഖ്യ പ്രഭാഷകനായി  മന്ത്രി പുംഗവനെ   ഈ അടിയന്തരഘട്ടത്തിൽ ലഭിക്കുമോ എന്ന് ആരായുകയുണ്ടായി. ചാനലുകളിൽ ചർച്ചകളായി, ക്യാംപസ്സുകളിൽ പ്രതിഷേധങ്ങളായി, സദാചാര പോലീസ് പരിഷകൾക്ക് ഊര്ജ്ജവുമായി.