Friday, May 27, 2011

1:1

ഭൂതകാലത്തിന്റെ നൊമ്പരങ്ങളെ 
 നിങ്ങളെന്തിനെന്നെ
വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുന്നു
ഓരോ ഉയിര്‍ത്തെഴുനേല്‍പ്പിനും
പുനര്‍ജന്മത്തിനും ഒടുവില്‍
മറവി കൂട്ടുവന്നിരുന്നെങ്കില്‍
നല്ല ഓര്‍മ്മകള്‍ മായ്ക്കാതെ,
അതുണ്ടെന്നു ആകില്‍;
ഇപ്പോഴും ചോരകിനിയുന്ന
മുറിവുകള്‍...... 
പാടെ മായ്ക്കപ്പെടെണ്ടതായിരുന്നു.
പിന്നീട് ഞാനറിഞ്ഞു
ആരോ പറഞ്ഞതാവാം
അല്ലെങ്കില്‍ പലപ്പോഴായി
ജീവിതം എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നതിനിടയ്ക്കു
മൊഴിഞ്ഞതും ആവാം
എങ്ങനെ ആയിരുന്നാലും ഞാന്‍ കേട്ടു.
വലിയ വീഴ്ചകള്‍ക്കൊടുവില്‍
എഴുന്നേല്‍ക്കാന്‍, പിന്നെ വേച്ചു നടക്കാന്‍
ഇരു കക്ഷത്തിനിടയിലും തിരുകുന്ന
ഊന്നുവടികളാണ് അവയെന്ന്-
മധുരസ്മൃതികളും കൊടിയനൊമ്പരങ്ങളും
അവയങ്ങനെ 1 : 1  അനുപാതത്തില്‍
ഇടതും വലതുമായി കൂട്ടിരിക്കുന്നു
അനുപാതം തെറ്റിയെന്നു
തെറ്റുദ്ധരിച്ചവരാകട്ടെ
അഹങ്കാരത്തെയോ   ഒരു തുണ്ട് കയറിനെയോ
തേടിപ്പോയി ......
മണ്ടന്മാര്‍, ജീവിതത്തെയും
പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് അക്കൗണ്ടില്‍
ആക്കിയ  തിരുമണ്ടന്മാര്‍


Thursday, May 5, 2011

ക്ഷമ
ക്ഷമക്കും വെച്ചിരിക്കുന്നു 
ഒരു നെല്ലിപ്പടി- അതിരായി!
എങ്കില്‍ അതെങ്ങനെ ക്ഷമയാകും?
മാതാ പിതാക്കള്‍ നല്‍കുന്ന-
-തൊരു ക്ഷമ,
നിയമം കണ്ണടക്കുമ്പോള്‍
ലഭിക്കുന്നു അല്പായുസ്സായ
വല്ലാത്തൊരു ക്ഷമ,
കഴുതയെന്നു പരിഹസിക്കപ്പെടുന്ന
ജനങ്ങള്‍, തുടരെ നല്‍കുന്നു
ഒരിയ്ക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ക്ഷമ
 വിദ്യാര്‍ഥികളുടെ അസഹിഷ്ണുതയുടെ ക്ഷമയ്ക്ക്
ആപേക്ഷികമാകുമോ അധ്യാപകരുടെ
ക്ഷമയെന്നു സന്ദേഹം
സ്ത്രീയുടെ ക്ഷമയ്ക്ക്
സഹനത്തിന്റെ പരിവേഷം
അങ്ങനങ്ങനങ്ങനെ 
ക്ഷമകള്‍ 'പലവിധമീയുലകില്‍ സുലഭം'
"ഇവര്‍ ചെയ്യുന്നതിന്നതെന്ന്
അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ"
അങ്ങനെയുമുണ്ട് ഒരു ക്ഷമ.