Saturday, April 28, 2012

തനിയെ.....

ഈ പരുപരുത്ത സിമന്‍റ് ബെഞ്ചില്‍ കടല്‍ കാറ്റ് ഏറ്റു ഞാന്‍ പലതവണ ഇരുന്നിട്ടുണ്ട്  അന്നൊന്നും കടലിനിത്രയും സൌന്ദര്യവും, കാറ്റിനു ഇത്രയും കുളിര്‍മയും എനിയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. കടലിലേക്ക്‌ മേല്ലെതാഴുന്ന സൂര്യന് ഇത്രയും ചുവപ്പ് നിറം   ഉണ്ടെന്നു അന്നൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നുവോ ആവോ! ചിലപ്പോള്‍ സൂര്യനെപ്പോലും കണ്ടിരിയ്ക്കില്ല. കടല വാങ്ങുന്നതിനിടയ്ക്കു ഞാന്‍ ആ കുട്ടിയോട് ചോദിച്ചു "നിന്നെ ഞാന്‍ ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലാലോ?"ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു "ഞാന്‍ കണ്ടിട്ടുണ്ട് സാറിനെ, ഒരുപാട് തവണ. അന്നൊക്കെ സാറിന്‍റെ ഒപ്പം ഒരുപാട് പേരുണ്ടായിരുന്നു. ഇന്നെന്തേ സാര്‍ ഒറ്റയ്ക്ക്?"    

Monday, April 16, 2012

Frustration

അങ്ങനെ മൂന്നാമത്തെ കാമുകിയും അവനോടു വിട പറഞ്ഞു. ഒന്നാമത്തവള്‍ പ്രായോഗികമല്ലെന്ന് മൊഴിഞ്ഞു, കല്യാണക്കുറിയും സമ്മാനിച്ചു മടങ്ങി. രണ്ടാമത്തവള്‍ ദേശത്തിന്‍റെയും ഭാഷയുടെയും സംസ്കാരത്തിന്‍റെയും ചേരായ്ക അവതരിപ്പിച്ചു മാഞ്ഞുപോയി.
മൂന്നാമത്തവളെ അവന്‍ കരുതലോടെ, പ്രായോഗികതയുടെ ചട്ടക്കൂടിനുള്ളില്‍  നിന്ന്, സ്വന്ത ദേശത്തിനും ഭാഷക്കും മുന്‍ഗണന നല്‍കി തിരഞ്ഞെടുത്തു. പക്ഷെ അവള്‍, വീട്ടുകാരുടെ പ്രതികൂല മനോഭാവം ചൂണ്ടിക്കാട്ടി കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിസ്സഹായതയുടെ കണ്ണീര്‍കണങ്ങള്‍ s.m.s ആയി inbox ലേക്ക്  പറത്തിവിട്ടു ഓര്‍മയായി. അവന്‍ ബാഗും തൂക്കി സ്വഗൃഹത്തിലേക്കു  ബസ്സുകയറി. തോളിലെ മാറാപ്പില്‍ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളോടൊപ്പം കഴിഞ്ഞ semesters സമ്മാനിച്ച  supplementary exam കളുടെ ഭാരവും ഉണ്ടായിരുന്നു. ഇട്ടിരിക്കുന്ന കളസത്തിന്‍റെ കീശയ്ക്കു കനം തോന്നിയപ്പോള്‍ അതിലെ mobile എടുത്തു, തലേന്നത്തെ ചീഞ്ഞ conversation കള്‍ delete ചെയ്തു വീണ്ടും തിരുകി- അല്‍പ്പമൊരു ആശ്വാസം....... വീട്ടിലെത്തിയിട്ടും തലയ്ക്കകത്തെ പെരുപ്പിനും മൂളലിനും യാതൊരു ശമനവുമില്ല. വീട്ടിലെ ഏതോ ഒരു മൂലയിലിരുന്നു radio ആവര്‍ത്തിച്ചു പാടിക്കൊണ്ടിരുന്നു "ഒറ്റയല്ല ഒറ്റയല്ല ഒറ്റയല്ല". തിരഞ്ഞു പിടിച്ചു നിലത്തടിച്ചു കൊന്നിട്ടും അരിശം ബാക്കി. ശബ്ദം കേട്ട് മുന്‍വശത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്‍ ജനലിലൂടെ ഉള്ളിലേക്ക് പാളി നോക്കി. അപ്പോഴും അരിശം കൊണ്ട് വിറയ്ക്കുന്ന, ഭ്രാന്തമായ  കിതപ്പോടെ ചിതറിക്കിടക്കുന്ന capacitor നെയും transistor നെയും resistor നെയും ചൂഴ്ന്നു നോക്കിക്കൊണ്ടിരുന്ന  മകനെക്കണ്ട് അദേഹത്തിന്‍റെ  പുരികം ചോദ്യചിഹ്നമായി.......?   
           

Sunday, April 8, 2012

"തോറ്റവന്‍"

സത്യവും കള്ളവും വകഞ്ഞുമാറ്റാനുള്ള
വിവേചനത എന്നാണു എനിക്കിനി ഉണ്ടായീടുക?
ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍- ദൈവത്തെ മാത്രമേ
വിശ്വസിക്കാവൂ എന്ന സത്യം  എന്നാണിനിയും ബോധ്യമാവുക? 
ചിരിച്ചടുക്കുന്നവരെല്ലാം സുഹൃത്തുക്കള്‍ ആണെന്ന
മിഥ്യാബോധത്തെ എന്നാണെനിയ്ക്കു വര്‍ജ്ജിക്കാനാവുക?
നെല്ലും പതിരും എന്നെനിയ്ക്കിനി വേര്‍തിരിക്കാനാവും?
മനസ്സിലുള്ളതെല്ലാം തുറന്നു പറയരുതെന്ന -
പഠിച്ചിട്ടും പഠിക്കാത്ത പാഠം 
എന്നാണു ഇനിയെന്‍  മനസ്സില്‍ മായാതെ കോറുക?
ലോകമേ ക്ഷമിക്കുക , നിന്നെ മനസ്സിലാക്കാന്‍
എന്നാണു എനിക്കിനിയാകുക  ?