Monday, December 7, 2015

തോന്ന്യാസം

പുരുഷ മേല്ക്കോയ്മയുടെ പാപ്പരത്തത്തെ കുറിച്ചും, സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും ലിംഗ സമത്വത്തിന്റെ അനിവാര്യതയും അനർഗള നിർഗളമായി പ്രസംഗിച്ചു കൊണ്ടിരുന്ന സ്ത്രീ വിമോചക പ്രവർത്തക, സദസ്സിലെ ആ  കാഴ്ച കണ്ടു പൊട്ടിത്തെറിച്ചു പോയി. തന്റെ മകളും ഒരു ആണ്‍ സുഹൃത്തും അടുത്തടുത്ത് ചേർന്നിരിക്കുന്നു, ഇടയ്ക്കിടെ അവർ പരസ്പരം ആരോഗ്യപരമായ കുശലാന്യേഷണങ്ങൾ നടത്തുന്നു.
"നാണമില്ലല്ലോടാ പൊതു സമൂഹത്തിൽ വെച്ചിങ്ങനെ സ്ത്രീകളോട് സംസാരിക്കാനും അടുത്തിരിക്കാനും, വൃത്തികെട്ടവാൻ;   പെണ്ണാണെന്ന വിചാരം നിനക്ക്  ഇല്ലാലോ,  നിന്നെയൊക്കെ ഇതുവരെയും കർട്ടനിട്ടു വേർതിരിച്ചിരുത്തിയ സ്കൂളിലും കോളേജിലും പഠിപ്പിച്ചതൊക്കെ വെറുതെ ആയലൊ !!"
അതുവരെ താത്പര്യത്തോടെ കേട്ടിരുന്ന സദസ്സ് രണ്ടായി  ഇരു വശത്തേക്കും പിരിഞ്ഞിരുന്നു- ആണായും പെണ്ണായും. വേദിയിലും സദസ്സിലും ഇരുവർക്കുമിടയിൽ, മറ സംഘടിപ്പിക്കുവാനായുള്ള പരക്കം പാച്ചിലിലായി സംഘാടകർ പിന്നെ. മുഖ്യ പ്രഭാഷകനായി  മന്ത്രി പുംഗവനെ   ഈ അടിയന്തരഘട്ടത്തിൽ ലഭിക്കുമോ എന്ന് ആരായുകയുണ്ടായി. ചാനലുകളിൽ ചർച്ചകളായി, ക്യാംപസ്സുകളിൽ പ്രതിഷേധങ്ങളായി, സദാചാര പോലീസ് പരിഷകൾക്ക് ഊര്ജ്ജവുമായി.

Tuesday, June 23, 2015

 കർണ്ണൻ 

ചിലർ  അങ്ങനയാണ്- തോൽവിയുടെ കൂട്ടുകാർ. വിജയം അർഹിച്ചവരെങ്കിലും തോറ്റുപോയവർ. മഹാഭാരതത്തെ ഒരു വെറും കഥയായി മാത്രം കാണാതിരിക്കാൻ എന്നെ പ്രേരിപ്പിച്ചത് ഒരേ ഒരാളാണ്- കർണ്ണൻ. ഗുണത്തിലും നൈപുണ്യത്തിലും ഏവരെക്കാൾ  മുൻപൻ; പക്ഷേ ഫലത്തിൽ......

ഞാൻ കർണ്ണനെ സ്നേഹിക്കുന്നു ഒരുപാടൊരുപാട്. അതൊരു കഥാപാത്രമല്ല, ഭൂമിയിലെ ചില ജന്മങ്ങളുടെ ആത്മാവിഷ്കാരമാണ്. അത് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടായിരിക്കാം കർണ്ണശാപത്തിന്റെ കെട്ടുകഥ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. പക്ഷേ, കർണ്ണശാപമേന്തുന്ന കർണ്ണജന്മങ്ങൾക്കു മനസ്സിലാകാൻ കെട്ടുകഥയുടെ പിൻബലം ആവശ്യമില്ല.

യുദ്ധഭൂമിയിൽ ആവനാഴി നിറയെ അസ്ത്രങ്ങൾ ഉണ്ടായിട്ടും ഉപയോഗിക്കാനാവാതെ, നിസ്സഹായനായി, ആത്മനിന്ദയുടെ കുരുക്കിൽ തലയറ്റു വീഴുമ്പോഴും കാഴ്ചകാർ പറയും- "കർണ്ണൻ, ഒരു ഇതിഹാസം".

Tuesday, January 20, 2015

അന്യം

മാറുന്ന ലോകത്തിൻ 
മാറ്റം ഉൾക്കൊള്ളാൻ സാധ്യമാം  
മാറുന്ന ഹൃദയമെനിക്കിന്നന്യം 
തെറ്റിനെ കണ്ണിൽ  പതിയാതെ 
അവഗണി ക്കുമൊരു നയന-
മാണെനിയ്ക്കിന്നവശ്യം.....
അന്യൻറെ ദുഃഖങ്ങൾ ഉള്ളിലേക്കെടുക്കാതെ 
കെട്ടിയടച്ചൊരു കാതാണെനിക്ക് വേണ്ടൂ 
തൻറെ തൻ പ്രശ്നത്തിൻ 
പരിഹാരത്തിനായ് മാത്രം 
ഉയരുന്നൊരു  ജിഹ്വ ഞാൻ 
സ്വായക്തമാക്കേണ്ടൂ.....
അന്യമാം ലോകത്തിൽ 
അന്യനായ് ഞാൻ നിൽപ്പൂ സ്തബ്ദനായ്.