Sunday, June 30, 2013

അയ്യേ !?!
ചങ്ങാതി ചതിച്ചിരിക്കുന്നു. കുറെ കാലത്തിനൊടുവിൽ അവിചാരിതമായി കണ്ണാടി നോക്കിയപ്പോൾ അറിയാതെ പറഞ്ഞു പോയി "അയ്യേ"! 
എൻറെ പ്രാന്ത് മാറിയത് അല്ലെങ്കിൽ മാറിക്കൊണ്ടിരുന്നത് ചതിയാൻ പറഞ്ഞതെ ഇല്ല. ഇനി കാണുമ്പോൾ ഞാൻ അവനോടു മിണ്ടില്ല; നോക്കുക പോലും ഇല്ല, ഉറപ്പു. എന്നെ ഞാനാക്കിയ എൻറെ  പ്രാന്താണ് എന്നെ വിട്ടു പോയിരിക്കുന്നത്. എനിക്കെങ്ങനെയിത് സഹിക്കാനും, അവനോടു പൊറുക്കാനും പറ്റും? ഞാൻ ഞാനല്ലാതായി.......എല്ലാവരെയും പോലെ മറ്റൊരു യന്ത്രം ചങ്ങാതിയെ കണ്ടപ്പോൾ നിയന്ത്രിക്കാനയില്ല, ഞാനവനോട് തട്ടിക്കയറി. കൂസലില്ലാതെ, പ്രത്യേകിച്ച് ഭാവഭേദമൊന്നും ഇല്ലാതെ അവൻ പറഞ്ഞു "ഇന്നിനു ആവശ്യം ഒരു യന്ത്രത്തെയാണ്, മനുഷ്യനെ അല്ല". നടന്നകലുന്ന അവനെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, അവൻറെ പുറത്തു പുതുതായി ഒരു winding key മുളച്ചിരിക്കുന്നു. എൻറെ കൈ അറിയാതെന്റെ മുതുകിലേക്കു നീണ്ടു.....

Saturday, May 18, 2013

രുചി 

തിരസ്കരണത്തിൻറെ  രുചിയെന്തെന്നു ആരോ എന്നോട് ചോദിച്ചതായി ഞാൻ അറിയുന്നു. ലോകം മുഴുവൻ തമസ്കരിച്ച രുചിയുടെ രസമുകുളങ്ങൾ നഷ്‌ടമായ  ആരോ ആവണം. ആ ചോദ്യം എന്നോട് തന്നെ  ചോദിച്ചു, ഒന്നും രണ്ടും തവണയല്ല പലതവണ. പല രുചികളെയും  മുന്നിൽ നിരത്തി match ചെയ്തു നോക്കി, "Not Matching"  എന്ന result മിന്നിക്കൊണ്ടേയിരുന്നു. കയ്പല്ല, പുളിയല്ല, ചവർപ്പുമല്ല. മധുരമല്ലെന്നു  മുൻപേ തന്നെ തീരുമാനിച്ചുറച്ചിരുന്നു. Matching Process ഉത്തരം കാണാതെ നീണ്ടുകൊണ്ടേയിരുന്നു. ഉത്തരം തേടി തളർന്നപ്പോൾ ആ ശബ്ദം വീണ്ടുമുണ്ടായി "രുചിയില്ലായ്മയാണ് തിരസ്കരണത്തിൻറെ രുചിയെന്നു നീ ഇനിയും തിരിച്ചറിഞ്ഞില്ലെ മൂഢാ". ആ ശബ്ദമങ്ങനെ അലിഞ്ഞില്ലതാകും വരെ, കർണ്ണപുടത്തിന്റെ കമ്പനം നിലയ്ക്കും വരെ, എന്നിട്ടും മനസ്സിലാകാത്തവന്റെ നിസ്സങ്ഗതയോടെ തരിച്ചു നിന്നു. അപ്പോഴും, ജനസഹസ്രങ്ങൾ എന്നെ കാണാതെ, മിണ്ടാതെ, തിരിച്ചറിയാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. 

Saturday, November 24, 2012

വയ്യ!!!

രോഗി:
എനിക്ക് വയ്യ; ഒന്നിനും വയ്യ,
കസേരയില്‍ ഇരുന്നാല്‍ എണീക്കാന്‍ വയ്യ,
എണീറ്റാല്‍ നടക്കാന്‍ വയ്യ,
അങ്ങനങ്ങനെ തീരെ വയ്യ ഡോക്ടര്‍......

ഡോക്ടര്‍: 
സത്യമായിട്ടും മരുന്ന് നല്‍കണം എന്നുണ്ടെനിക്ക്,
പക്ഷെ; stethu എടുത്തു നിന്‍റെ നെഞ്ചോടു ചേര്‍ക്കാന്‍ വയ്യ,
പെന്‍ എടുക്കാന്‍ വയ്യ,
പെന്‍ എടുത്താല്‍ തന്നെ അതെടുത്തു എഴുതാന്‍ വയ്യ,
വയ്യ തീരെ വയ്യ നിന്നെ ചികിത്സിക്കാനെ  വയ്യ.....

രോഗി എഴുന്നേറ്റു- കസേരയില്‍ നിന്ന്,
നടന്നു- നിന്നിടത്തു  നിന്ന്,
അടച്ചു- counter ല്‍ ഡോക്ടറുടെ ഫീസ്‌,
വീണ്ടും നടന്നു- നാല് ചുമരുകള്‍ക്കു വെളിയിലേക്ക്,
പുറത്തു അയാള്‍ക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു,
പുതിയ ആകാശവും ഭൂമിയും.......

Tuesday, September 25, 2012

റൂംമേറ്റ്സ് 

ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍ ആണെന്നു തിരിച്ചറിഞ്ഞത്  പെട്ടന്നായിരുന്നു.
രണ്ടുപേരുടെയും മനസ്സ് പ്രണയാര്‍ദ്രമാണ്, പക്ഷെ.....
പ്രണയം എന്നത് ഒരാള്‍ക്ക്‌ മാത്രം തോന്നിയാല്‍ പോരല്ലോ!
ഉള്ളവന് ദൈവം വീണ്ടും വീണ്ടും കൊടുക്കുമെന്ന തത്വം ഞങ്ങള്‍ തലനാരിഴകീറി (ഉദാഹരണം സഹിതം) പ്രണയത്തിന്‍റെ കാര്യത്തിലും സത്യമാണെന്നു സമ്മര്‍ത്ഥിച്ചു. മണിക്കൂറുകള്‍ നീണ്ട മനസ്സുതുറക്കല്‍........
പറഞ്ഞു പറഞ്ഞു മനസ്സ് മുഷിഞ്ഞപ്പോഴോ, തളര്‍ന്നപ്പോഴോ അവന്‍ കുളിക്കാനായി എഴുന്നേറ്റു പോയി. പ്രണയാര്‍ദ്രമായ എന്‍റെ മനസ്സ് ഏകാന്തതയെ വെറുത്തത്  കൊണ്ടാവാം, മൊബൈല്‍  എടുത്തു കണ്ടവര്‍ക്കെല്ലാം അഭിവാദ്യങ്ങള്‍ പറത്തിവിട്ടു...........
പത്തുപതിനഞ്ചെണ്ണം അയച്ചതില്‍ മൂന്നു നാല് വിരസമായ പ്രത്യഭിവാദനങ്ങള്‍ തിരിച്ചു വന്നു. അതല്പരമായ സ്വഭാവം കാണിച്ചവയാണെങ്കിലും ഞാന്‍ വിട്ടില്ല, പ്രത്യഭിവാദനങ്ങളില്‍ കടിച്ചു തൂങ്ങി പുറകെ കൂടി. അപ്പോഴേക്കും അവന്‍ കുളി കഴിഞ്ഞു തിരിച്ചെത്തിയിരുന്നു. കണ്ണാടിയുടെ മുന്‍പില്‍  പതിവില്‍ കവിഞ്ഞ സമയം ചിലവാക്കുന്നത്, മേസ്സേജുകളിലൂടെ എനിയ്ക്കൊരു ജീവിതം കെട്ടിപ്പടുക്കാന്‍ തിരക്കിട്ട് ശ്രമിക്കുന്നതിനിടയിലും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍, അവന്‍ വളരെ മെല്ലെ ഞാന്‍ കേള്‍ക്കരുതെന്ന നിര്‍ബന്ധത്തോടെ പറഞ്ഞ ആത്മഗതം ഞാന്‍ കേട്ടു- "സൌന്ദര്യം ഇല്ലന്നല്ലേ ഉള്ളൂ വിരൂപനല്ലാലോ?"
ചിരിയ്ക്കണോ കരയണോ എന്ന  ധര്‍മസങ്കടത്തില്‍ മൊബൈലിലേക്ക് നോക്കിയപ്പോള്‍ 'Battery Low' എന്ന് കാണിച്ചത് സുഖസുഷുപ്തിയിലേക്ക് മിന്നിമറഞ്ഞു.!@#$%

Saturday, September 15, 2012

ഒരു facebook Account ന്‍റെ  ആത്മഹത്യാശ്രമം ......

"  നാല്ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു മടുത്തപ്പോള്‍ , പുറത്തേയ്ക്ക് ഇറങ്ങി  നടന്നു; പക്ഷെ ചുമരുകളും ഒപ്പം പോന്നു"  . Wall Magazine ല്‍  കൂട്ടുകാരന്‍ അജ്മല്‍ എഴുതിയ കവിതാശകലം  നന്നായി ബോധിച്ചു.മനസ്സിലതങ്ങനെ ചുഴലിക്കാറ്റായി  അലയുകയാണ്.  'മടുപ്പ്'- അതു കൊണ്ടെത്തിക്കുന്ന ഒരു അവസ്ഥ പറഞ്ഞറിയിക്കാന്‍ പ്രയാസം, അതൊരു ലഹരി പോലെ തലയ്ക്കു പിടിച്ചിരിക്കുന്നു . അതങ്ങനെ ശരീരത്തെയും മനസ്സിനെയും ജീവച്ചവമാക്കി നിര്‍വ്വികാര പരബ്രഹ്മം കണക്കെ മൂലയ്ക്കൊതുക്കുകയാണ്. ജീവിതം പൂര്‍ണമായും (ഒരു കണിക പോലും ആസക്തി ബാക്കിയാക്കാതെ ) മടുക്കുമ്പോഴാണ്  മരണം നമ്മെ  തെടിയെത്തുകയെന്നു കേട്ടിട്ടുണ്ട്; ചിലപ്പോള്‍, മനസ്സിനെ ഭ്രാന്തമായി  അലയാന്‍ അനുവദിക്കുമ്പോള്‍ ഉള്ളിലെ ഭ്രാന്തന്‍  വിളിച്ചു പറയുന്നത് കേട്ടതുമാവാം. ആ അവസ്ഥയില്‍ , മരണം മടിച്ചു നിന്നപ്പോഴോ വൈകിയപ്പോഴോ  ആയിരിക്കാം ആളുകള്‍  വാനപ്രസ്ഥവും  സന്യാസവും  ജീവിതത്തില്‍ introduce ചെയ്തിട്ടുണ്ടാവുക. എനിക്ക് മടുത്തു- മരവിപ്പിലേക്ക് പോകുന്നതിനു മുന്‍പ്  ഞാന്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കയാണ്- ഒരു ആത്മഹാത്യശ്രമം . വിജയിക്കുമോ  എന്നെനിക്കറിയില്ല, എങ്കിലും ഒന്ന് ശ്രമിക്കാന്‍ തന്നെ ആണ് തീരുമാനം. ഇനി , chat list ല്‍  ഞാന്‍ കണ്‍തുറക്കുമ്പോള്‍ കണ്‍ചിമ്മുന്ന പല പച്ച വെളിച്ചങ്ങള്‍ക്കും ഒളിച്ചോടാതെ കണ്ണുമിഴിച്ചു പച്ചയായിരിക്കാം. ശവക്കുഴിയില്‍  ഒരു പിടി മണ്ണിട്ട്‌ പോകുന്ന 545മനോട്  ഒരു അപേക്ഷ , ശവക്കല്ലറമേല്‍ കല്ലുരുട്ടി വയ്ക്കേണ്ട; മൂന്നാംനാള്‍ അല്ലെങ്കിലും, എന്നെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍  തോന്നിയാലോ.............

Tuesday, June 5, 2012

മഴ 

എന്തെന്നറിയില്ല  മഴയിപ്പോഴും ഒരു കൌതുകം തന്നെ.
നനഞ്ഞിരിക്കുന്ന മണ്ണും ചാലുകീറിയൊഴുകുന്ന നീര്‍ച്ചാലും 
ഇറ്റിറ്റ് അടരുന്ന ജലകണങ്ങളും 
മഴയ്ക്ക്‌ ശേഷം മരം പെയ്യുന്നതും 
മടക്കിക്കൊണ്ടുവരുന്ന കുട്ടിക്കാലം 
കുടയെടുത്തിട്ടും നിവര്‍ത്താതെ നനഞ്ഞതും 
  ഇരമ്പി പായുന്ന വാഹനത്തില്‍ നിന്നും 
ചിതറിത്തെറിക്കുന്ന ചെളിവെള്ളത്തിനായി കാത്തുനിന്നതും 
എല്ലാം ഇന്നലെ കഴിഞ്ഞപോലെ 
തോരാതെ പെയ്യുന്ന മഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ 
പണ്ടേ പോലെ  ഓടിപ്പോയി നില്‍ക്കാന്‍ 
വല്ലാത്തോരാവേശം ....
മഴ കാണുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന 
കുട്ടിയെ ഒടുവില്‍ മനസ്സിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു,
വേറൊന്നും കൊണ്ടല്ല; ആളുകളെ കൊണ്ട് 
വീണ്ടും വീണ്ടും 'ഭ്രാന്തനെന്നു ' പറയിപ്പിക്കാന്‍ ചെറിയ ഒരു മടി.

Saturday, April 28, 2012

തനിയെ.....

ഈ പരുപരുത്ത സിമന്‍റ് ബെഞ്ചില്‍ കടല്‍ കാറ്റ് ഏറ്റു ഞാന്‍ പലതവണ ഇരുന്നിട്ടുണ്ട്  അന്നൊന്നും കടലിനിത്രയും സൌന്ദര്യവും, കാറ്റിനു ഇത്രയും കുളിര്‍മയും എനിയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. കടലിലേക്ക്‌ മേല്ലെതാഴുന്ന സൂര്യന് ഇത്രയും ചുവപ്പ് നിറം   ഉണ്ടെന്നു അന്നൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നുവോ ആവോ! ചിലപ്പോള്‍ സൂര്യനെപ്പോലും കണ്ടിരിയ്ക്കില്ല. കടല വാങ്ങുന്നതിനിടയ്ക്കു ഞാന്‍ ആ കുട്ടിയോട് ചോദിച്ചു "നിന്നെ ഞാന്‍ ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലാലോ?"ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു "ഞാന്‍ കണ്ടിട്ടുണ്ട് സാറിനെ, ഒരുപാട് തവണ. അന്നൊക്കെ സാറിന്‍റെ ഒപ്പം ഒരുപാട് പേരുണ്ടായിരുന്നു. ഇന്നെന്തേ സാര്‍ ഒറ്റയ്ക്ക്?"