Thursday, January 27, 2011

അന്തരം 
മായമില്ലാത്ത സൗഹൃദങ്ങള്‍, നിഷ്കളങ്കമായ പുഞ്ചിരികള്‍, സ്നേഹം
കലര്‍ന്ന പിണക്കങ്ങള്‍- ആര്‍ട്സ് കോളേജ് സമ്മാനിച്ച മൂന്നു വര്‍ഷങ്ങളെ വേണമെങ്കില്‍ ഈ രണ്ടു കോമകള്‍ക്കിടയിലെ മൂന്ന് വാചകങ്ങളില്‍ തിരയാം ; അത് മതിയാവില്ലെങ്കിലും. അവിടെ നിന്നു ലഭിച്ച  കുളിര്‍മയുള്ള ബന്ധങ്ങളുടെ ഓര്‍മ്മ കണ്ണുകളെ ഇപ്പോഴും തണുപ്പിക്കുന്നു. അവര്‍ എനിക്ക് ആരെല്ലാമോക്കെയോ ആയിരുന്നു- ലഭിക്കാതെ പോയ കുഞ്ഞുപെങ്ങള്‍, അനിയന്‍, ചേച്ചി.....
ആ ബലപുഷ്ടമായ മണ്ണില്‍ വേര്, തലങ്ങും വിലങ്ങും നന്നായി ഓടിയിരുന്നു. വേരോട്ടം പതിവ് പോലെ കാലം വരച്ച ഫിനിഷിംഗ് പോയന്ടിനു മുന്‍പില്‍ പിന്‍വാങ്ങി. പുതിയ മണ്ണിലേക്ക് ഒരു പറിച്ചു നടീല്‍, തികച്ചും പുതിയ മണ്ണ്. ഇവിടെ എല്ലാം പ്രൊഫഷണല്‍ ആയിരിക്കണം പോലും. ആദ്യ ദിവസം ക്ലാസ്സില്‍ എത്തിയ ആര്‍ട്സ് കോളേജ്കാരന് പുതിയ കൂട്ടുകാരുടെ മുഖം കാണാനായില്ല, അതിനു പകരം acer,DELL,TOSHIBA,VIO എന്നിങ്ങനെയുള്ള ബ്രാന്‍ഡ്‌ നെയിമുകള്‍ തിളങ്ങുന്ന സ്ക്രീനുകളുടെ പുറകുവശം മാത്രമായിരുന്നു. കാലും കൈയും ദേഹവും ഉണ്ട്, തലയുടെ സ്ഥലം ലാപ്ടോപ്  കൈവശപ്പെടുത്തിയിരിക്കുന്നു. അടുത്തിരുന്നവളെ തോണ്ടി വിളിച്ചു സ്ക്രീനില്‍ നിന്നും തല ഊരിയെടുപ്പിച്ചു. "എന്‍റെ പേര്..." മുഴുമിപ്പിക്കുന്നതിനു മുന്‍പേ "ശരി ശരി" എന്ന് പറഞ്ഞു പുറത്തു വന്ന തല വീണ്ടും സ്ക്രീനിലേക്ക്. മുന്നോടിയായി നല്‍കിയ orientation classil 'ക്യാമ്പസ്‌ ലൈഫ് ടു കോര്‍പ്പറേറ്റ് വേള്‍ഡ്' എന്ന സെക്ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് വേദന തോന്നിയില്ല. ഇത്തരം പ്രതികരണം ഭൂതകാലത്താണ് സംഭവിച്ചിരുന്നതെങ്കില്‍ പ്രതികരണം ആവശ്യപ്പെട്ട ആളും പ്രതികരിച്ച ആളും കരഞ്ഞിട്ടുണ്ടാകുമായിരുന്നു. പുതിയ കൂട്ടുകാരെ ആരെയും ലഭിക്കാത്തതിനാല്‍ ലാപ്ടോപുമായി ചങ്ങാത്തം  കൂടാന്‍  നിര്‍ബന്ധിതനായി.        ഒരിയ്ക്കല്‍ wifi മോഡത്തിന്‍റെ adapter പണിമുടക്കി, കഴുത്തിന്‌ മുകളില്‍ നിന്നു സ്ക്രീനുകള്‍ മെല്ലെ അപ്രത്യക്ഷമായി യഥാര്‍ത്ഥ തലകള്‍ പ്രത്യക്ഷമായി. രണ്ടു kidneyum നഷ്ടപ്പെട്ടവരുടെ മരണവെപ്രാളം കാണാന്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യേണ്ടതായോ നാഷണല്‍ ജിയോഗ്രാഫി കാണേണ്ടതായോ വന്നില്ല. എന്തായിരുന്നാലും അടുത്തിരുന്നവനെ പരിചയപ്പെടാന്‍ അവസരം തന്ന adapter നു നന്ദി. നാളെ മുതല്‍ suit ആണത്രേ! അന്യ വസ്തുക്കളെ ശരീരം തിരസ്കരിക്കുമെന്നു immunology ല്‍ പറഞ്ഞിട്ടുണ്ട്, adaptability യെ പറ്റി ecology ഉം evolution ഉം മത്സരിച്ചു പഠിപ്പിക്കുന്നത്‌  കൊണ്ട് കുഴപ്പം ഇല്ല.
നാടോടുമ്പോള്‍ നടുവേ.......ഓടുക തന്നെ. 

Monday, January 24, 2011

BLINഗസ്യ അഥവാ ബ്ലിംGASYA
സുവോളജി പഠിച്ചു ഒരുവിധമായെന്നായപ്പോള്‍ 
ബിസിനസ്‌ പഠിയ്ക്കാനായി 'അത്യാ'ഗ്രഹം 
തവളയുടെ പിടയലും അക്കൌണ്ട്സിന്‍റെ  കൂട്ടലും 
കിഴിക്കലും; ഒരു ചേരായ്മ
അന്തം വിട്ടിരുന്നിരുന്ന പഴയ കെമിസ്ട്രി ലാബിന്‍റെ
തനിയാവര്‍ത്തനം അഥവാ ഫോട്ടോസ്ടാറ്റ്
പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഡെബിറ്റ് ചെയ്യണോ ക്രെഡിറ്റ്‌ ചെയ്യണോ?
അസെറ്റ് സൈഡില്‍ ബ്ലിംഗസ്യ 
ലയബിലിറ്റി സൈഡില്‍ എജ്യുക്കേഷന്‍-
ലോണിന്‍റെ മുതലിനോടൊപ്പം പലിശയുടെ അന്യായ കൂടിച്ചേരല്‍ 
ആലോചിക്കുമ്പോള്‍ തലയില്‍ പുകവമിക്കുന്നു
ബുക്കില്‍ പുക പടരുന്നു 
മൊത്തമൊരു 'പുഹ' കട്ടപ്പുക 
പുറം ലോകമറിയാതെ പോയ 
രക്തസാക്ഷികളോടൊപ്പം മറ്റൊരു രക്തസാക്ഷികൂടി 
അല്ല, മനസ് മരവിച്ച ജീവസാക്ഷി.   

Tuesday, January 4, 2011

ഇത് നിഷേധമോ? 

കറുപ്പാണ് നിറമെങ്കിലും

വെളുപ്പാണ് ഹൃദയത്തിനെങ്കിലും
കറുപ്പിന്‍റെ കട്ടിയില്‍
ഹൃദയത്തിന്‍ വെളുപ്പ്‌ മറയ്ക്കപ്പെട്ടിരിക്കുന്നു
കറുപ്പിന്‍റെ കട്ടിയെ തുളച്ചു
വെളുത്ത ഹൃദയത്തെ കാണാന്‍ കഴിഞ്ഞ
ഒരു മിഴികളും ഉണ്ടായില്ലിതുവരെ
എങ്കിലും ആ വെളുത്ത ഹൃദയം
ഇപ്പോഴും മിടിച്ചു കൊണ്ട് പറയുന്നു
എന്നെക്കാണാന്‍ കഴിയുന്ന മിഴികള്‍
തീര്‍ച്ചയായും വരും കാത്തിരിക്കുക തന്നെ
കാത്തിരിപ്പ്‌; അതസുഖകരമായൊരു സുഖമാണ്
വൈരൂപ്യത്തിനു പ്രണയം നിഷേധിച്ചതാരാണ്?
പ്രണയം, അതൊരു ഭാവമാണെങ്കില്‍,
അതൊരു സുഖമുള്ള നൊമ്പരം ആണെങ്കില്‍ ,
ഞാന്‍ ആ നൊമ്പരത്തെ പുണരാനും
ആ ഭാവത്തെ ഉള്‍ക്കൊള്ളാനും തയ്യാറാണെങ്കില്‍ ,
എനിയ്ക്കത് പാടില്ലെന്ന് പറയാന്‍ നിങ്ങള്‍ക്കെന്തു അവകാശം ?
പക്ഷെ, പയ്യെ ഞാന്‍ തിരിച്ചറിഞ്ഞു
കറുപ്പിനും വൈരൂപ്യത്തിനും എവിടെയും
"നോ എന്‍ട്രി" ബോര്‍ഡുകളും
വേദനിപ്പിക്കുന്ന പരിഹാസങ്ങളും ആണെന്ന്....
കറുപ്പ് മറച്ച വെളുപ്പിനെ കണ്ടു,
എന്‍ട്രി ബോര്‍ഡ്‌ വച്ച ആരുമുണ്ടായിരുന്നില്ല
അങ്ങനെ പ്രസംഗിക്കുന്നവര്‍ പോലും
എന്നെ കണ്ടപ്പോള്‍ അറിയാത്ത ഭാവം നടിച്ചു
ആരെങ്കിലും കാണുമായിരിക്കും...
നിങ്ങള്‍ ഒരുപക്ഷെ നിഷേധമെന്നു പറയുമായിരിക്കും
പക്ഷെ ഞാന്‍ നിഷേധിയാവുകയാണ്
കറുപ്പിനും പ്രണയിക്കാം
വൈരൂപ്യത്തിനും ആ ഭാവത്തെ ഉള്‍ക്കൊള്ളാം
തിരിച്ചു നല്‍കണമെന്ന അവകാശവാദമില്ല
പാടില്ലെന്ന നിബന്ധനയും ഇങ്ങോട്ട് വേണ്ട
എന്നെ എന്‍റെ മനോരാജ്യത്തില്‍ ,
സ്വതന്ത്രയായി വിടുക , സ്വതന്ത്രയായി .