Tuesday, January 4, 2011

ഇത് നിഷേധമോ? 

കറുപ്പാണ് നിറമെങ്കിലും

വെളുപ്പാണ് ഹൃദയത്തിനെങ്കിലും
കറുപ്പിന്‍റെ കട്ടിയില്‍
ഹൃദയത്തിന്‍ വെളുപ്പ്‌ മറയ്ക്കപ്പെട്ടിരിക്കുന്നു
കറുപ്പിന്‍റെ കട്ടിയെ തുളച്ചു
വെളുത്ത ഹൃദയത്തെ കാണാന്‍ കഴിഞ്ഞ
ഒരു മിഴികളും ഉണ്ടായില്ലിതുവരെ
എങ്കിലും ആ വെളുത്ത ഹൃദയം
ഇപ്പോഴും മിടിച്ചു കൊണ്ട് പറയുന്നു
എന്നെക്കാണാന്‍ കഴിയുന്ന മിഴികള്‍
തീര്‍ച്ചയായും വരും കാത്തിരിക്കുക തന്നെ
കാത്തിരിപ്പ്‌; അതസുഖകരമായൊരു സുഖമാണ്
വൈരൂപ്യത്തിനു പ്രണയം നിഷേധിച്ചതാരാണ്?
പ്രണയം, അതൊരു ഭാവമാണെങ്കില്‍,
അതൊരു സുഖമുള്ള നൊമ്പരം ആണെങ്കില്‍ ,
ഞാന്‍ ആ നൊമ്പരത്തെ പുണരാനും
ആ ഭാവത്തെ ഉള്‍ക്കൊള്ളാനും തയ്യാറാണെങ്കില്‍ ,
എനിയ്ക്കത് പാടില്ലെന്ന് പറയാന്‍ നിങ്ങള്‍ക്കെന്തു അവകാശം ?
പക്ഷെ, പയ്യെ ഞാന്‍ തിരിച്ചറിഞ്ഞു
കറുപ്പിനും വൈരൂപ്യത്തിനും എവിടെയും
"നോ എന്‍ട്രി" ബോര്‍ഡുകളും
വേദനിപ്പിക്കുന്ന പരിഹാസങ്ങളും ആണെന്ന്....
കറുപ്പ് മറച്ച വെളുപ്പിനെ കണ്ടു,
എന്‍ട്രി ബോര്‍ഡ്‌ വച്ച ആരുമുണ്ടായിരുന്നില്ല
അങ്ങനെ പ്രസംഗിക്കുന്നവര്‍ പോലും
എന്നെ കണ്ടപ്പോള്‍ അറിയാത്ത ഭാവം നടിച്ചു
ആരെങ്കിലും കാണുമായിരിക്കും...
നിങ്ങള്‍ ഒരുപക്ഷെ നിഷേധമെന്നു പറയുമായിരിക്കും
പക്ഷെ ഞാന്‍ നിഷേധിയാവുകയാണ്
കറുപ്പിനും പ്രണയിക്കാം
വൈരൂപ്യത്തിനും ആ ഭാവത്തെ ഉള്‍ക്കൊള്ളാം
തിരിച്ചു നല്‍കണമെന്ന അവകാശവാദമില്ല
പാടില്ലെന്ന നിബന്ധനയും ഇങ്ങോട്ട് വേണ്ട
എന്നെ എന്‍റെ മനോരാജ്യത്തില്‍ ,
സ്വതന്ത്രയായി വിടുക , സ്വതന്ത്രയായി . 

No comments:

Post a Comment