Tuesday, June 21, 2011

പള്‍സ്
ചിരിച്ചു ചിരിച്ചു ചിരിച്ചു....... വയറു കൊളത്തിപ്പിടിച്ചു. ആരാന്‍റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ അല്ലേലും കാണാന്‍ കുറച്ചു ചന്തമൊക്കെ തോന്നും, പക്ഷെ ഇത് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല, ഹെന്‍റെമ്മോ ! പറഞ്ഞു വരുമ്പോള്‍ നിങ്ങള്‍ക്ക്  ചിലപ്പോള്‍ ചിരി വരണം എന്നൊന്നും ഇല്ല; പക്ഷെ എനിക്ക് ചിരിച്ചു കൂടെ? 'ആട്ടം നോട്ട'ത്തില്‍  കവി കെ.ആര്‍.ടോണി പറഞ്ഞതുപോലെ......... 
കലാലയ അന്തരീക്ഷം ഒരിയ്ക്കലും സ്ടാറ്റിക് അല്ല ഡയനാമിക് ആണ്; അത്  മാറ്റങ്ങളുടെ പ്രളയനിലമാണ്‌. ഇന്നലത്തെ കലാലയ ജീവിതമല്ല ഇന്നത്തെ ക്യാംപസുകളില്‍ ഉള്ളത്, നാളെ അത് മറ്റൊന്നായിരിക്കുകയും ചെയ്യും. അവിടങ്ങളിലെ അന്തരീക്ഷമാകട്ടെ ഒന്ന് മറ്റൊന്നിന് സമാനവുമല്ല, എന്നാല്‍ ചില പൊതു ട്രെണ്ടുകള്‍ ഉണ്ട് താനും.
വായനക്കാരായ നിങ്ങള്‍ക്ക് ചിരി വരാത്ത എന്നാല്‍ എനിക്ക് ചിരി അടക്കാനാവാത്ത സംഭവം വിവരിക്കാന്‍, ഇത്രയും ഘനമായ മുഖവുര മതിയെന്ന് തോന്നുന്നു. കാര്യത്തിലേക്ക് കടക്കാം, എന്‍റെ കോളേജില്‍  പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ ഇടയില്‍ കൂടിവരുന്ന ഒരു പുതിയ കൂട്ടമാണ്‌, 'ശശികള്‍' ഇത്രയും എഴുതിത്തീര്‍ന്നപ്പോഴെക്കും  എന്‍റെ മനസ്സിലേക്ക് രണ്ടു ഭയങ്ങളാണ് ഓടിക്കയറിയത് -ഇതെങ്ങാനും കേട്ട് സംഗതി 'ഇത്രയേ ഉള്ളൂ' എന്നറിയുന്നതിനു മുന്‍പ്  വല്ല ചാനലുകാരും വട്ട മേശ സമ്മേളനമോ, ആളുകളെ അപ്പുറവും ഇപ്പുറവും ഇരുത്തി ചുക്കാന്‍ പിടിക്കുന്ന ആള്‍ നടുക്കളത്തില്‍ ചവിട്ടുനാടകമോ മറ്റോ അരങ്ങേറുമോ എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്,   യഥാര്‍ത്ഥത്തില്‍ " ശശി " എന്ന പേരുള്ളവര്‍ സംഘടിച് എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയോ 'കാണേണ്ട വിധം ' കാണുകയോ ചെയ്യുമോ എന്നതാണ്. രണ്ടാമത്തെ കൂട്ടരോട് ഒന്ന് പറഞ്ഞു കൊള്ളട്ടെ, ആ പേരിട്ടതും പ്രചരിപ്പിച്ചതും ഞാനല്ല എപ്പോളോ എങ്ങനെയോ അത് പൊട്ടിമുളച്ചു. ആരും copy right ഉം കൊണ്ട് വരികയും ഇല്ല . കാര്യം 'നിസ്സാരം' പഴയ 'രമണന്‍റെ' പുതിയ കാലഘട്ടത്തിലെ പുതിയ മുഖം. പക്ഷെ പുതിയ രമണന്‍മാര്‍ താടി നീട്ടി വളര്‍ത്തി ശോകഗാനവും പാടി ഒരു തുണ്ട് കയറിലോ അഗാധമായ കൊക്കയിലോ 'മരണന്മാര്‍' ആകാന്‍ ഒരുക്കമല്ല. അവരിപ്പോള്‍ വളരെ ബോള്‍ഡ് ആണ്, അത്തരം തീരുമാനങ്ങളിലേക്ക് അവരെ നയിക്കണമെങ്കില്‍ വീട്ടുകാര്‍ "മഴ ആയതു കൊണ്ട്  ഇന്ന് ബൈക്ക് എടുക്കേണ്ട" "മൊബൈല്‍ അപ്പ്‌ ഗ്രേഡ് ചെയ്യുന്നത് ഇന്ന് വേണ്ട നാളെയാക്കാം" അങ്ങനെ നീളുന്ന 'അതിഘോര'മായ statementകള്‍ ഇറക്കേണ്ടതുണ്ട്. കാമ്പസിലെ പുതിയ അസ്സോസ്സിയേഷന്‍ ആണ്  C.P.A ( ചോര പോയവരുടെ അസ്സോസ്സിയേഷന്‍ ) 'ശശി'കള്‍ ആണ് അതിലെ members.ഏറ്റവും കൂടുതല്‍ 'ശശി' ആയവന്‍ പ്രസിഡന്‍റെ, അത് കഴിഞ്ഞു സെക്രടറി അങ്ങനെ അസ്സോസ്സിയേഷനിലെ സ്ഥാനങ്ങള്‍ പോകുകയായി.അടുത്ത കോളേജ് ഇലക്ഷനില്‍ മുഖ്യധാരാ പാര്‍ട്ടികളോടൊപ്പം C.P.A ഉം മത്സരിക്കുന്നുണ്ടെന്നൊരു വാര്‍ത്ത കേട്ടു, ഉള്ളതോ എന്തോ?!
                ഓരോ membersന്‍റെയും  'കദന' കഥകള്‍ വ്യത്യസ്തമാണ്. ഈ അടുത്ത് ഒരു memberന്‍റെ  കഥ ഞാന്‍ അറിഞ്ഞത് ഇങ്ങനെയാണ്...
      അവനു membership അംഗീകരിക്കാന്‍ ഒരു പ്രങ്ങ്യാസം. തന്‍റെ പ്രണയം കഥാനായിക നിഷേധിച്ചെങ്കിലും അവള്‍ പഴയത് പോലെ തന്നെ നന്നായി ചിരിക്കുന്നു തന്നോട് സംസാരിക്കുന്നു....... ഇതെല്ലം അവനെ പ്രതീക്ഷ കൈവെടിയാന്‍ വിസമ്മതിക്കുന്നു. തന്നില്‍ ഇപ്പോഴും പ്രതീക്ഷകള്‍ ഉണ്ടെന്നു മനസ്സിലാക്കിയ അവന്‍റെ ഉറ്റ സുഹൃത്ത്‌ അവന്നു കരുത്തേകി, ആത്മവിശ്വാസം പകര്‍ന്നു. നമ്മുടെ കഥാനായകന്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലാത്ത 'രഹസ്യം' എന്താണെന്നുവെച്ചാല്‍ അവനു ആത്മധൈര്യം പകര്‍ന്ന, ഇപ്പോഴും തോളില്‍ കൈവെച്ചു നടക്കുന്ന അവന്‍റെ       
ആത്മസുഹൃത് പിറ്റേന്ന് തന്നെ പോയി കഥാനായികയോട് പ്രണയാഭ്യര്‍ത്ഥന നടത്തി എന്നുള്ളതാണ്. ആത്മസുഹൃത്തിന്‍റെ  പ്രണയാഭ്യര്‍ത്ഥന കഥാനായിക സ്വീകരിച്ചോ ഇല്ലയോ എന്നതൊക്കെ കഥയ്ക്ക് പുറത്തുള്ള ചോദ്യം, അതിനുത്തരം ആലോചിച്ചു തലപുകയ്ക്കാന്‍ നിങ്ങളോടൊപ്പം ഞാനില്ല. എന്‍റെ മനസ്സ് ഇപ്പോഴും കഥാനായകനോടൊപ്പം തന്നെയാണ്, അയാളിപ്പോഴും തന്‍റെ മുളപൊട്ടിയ പ്രതീക്ഷകള്‍ക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുക തന്നെയാണ്......
സുഹൃത്തേ നിന്നോടെനിക്ക് ഒന്നേ പറയാനുള്ളൂ, 
          "പ്രണയം ദുഖമാണ് ഉണ്ണീ
           ഒറ്റയ്ക്കല്ലോ സുഖപ്രദം"(കവി ക്ഷമിക്കുക)

No comments:

Post a Comment