Saturday, April 28, 2012

തനിയെ.....

ഈ പരുപരുത്ത സിമന്‍റ് ബെഞ്ചില്‍ കടല്‍ കാറ്റ് ഏറ്റു ഞാന്‍ പലതവണ ഇരുന്നിട്ടുണ്ട്  അന്നൊന്നും കടലിനിത്രയും സൌന്ദര്യവും, കാറ്റിനു ഇത്രയും കുളിര്‍മയും എനിയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. കടലിലേക്ക്‌ മേല്ലെതാഴുന്ന സൂര്യന് ഇത്രയും ചുവപ്പ് നിറം   ഉണ്ടെന്നു അന്നൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നുവോ ആവോ! ചിലപ്പോള്‍ സൂര്യനെപ്പോലും കണ്ടിരിയ്ക്കില്ല. കടല വാങ്ങുന്നതിനിടയ്ക്കു ഞാന്‍ ആ കുട്ടിയോട് ചോദിച്ചു "നിന്നെ ഞാന്‍ ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലാലോ?"ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു "ഞാന്‍ കണ്ടിട്ടുണ്ട് സാറിനെ, ഒരുപാട് തവണ. അന്നൊക്കെ സാറിന്‍റെ ഒപ്പം ഒരുപാട് പേരുണ്ടായിരുന്നു. ഇന്നെന്തേ സാര്‍ ഒറ്റയ്ക്ക്?"    

Monday, April 16, 2012

Frustration

അങ്ങനെ മൂന്നാമത്തെ കാമുകിയും അവനോടു വിട പറഞ്ഞു. ഒന്നാമത്തവള്‍ പ്രായോഗികമല്ലെന്ന് മൊഴിഞ്ഞു, കല്യാണക്കുറിയും സമ്മാനിച്ചു മടങ്ങി. രണ്ടാമത്തവള്‍ ദേശത്തിന്‍റെയും ഭാഷയുടെയും സംസ്കാരത്തിന്‍റെയും ചേരായ്ക അവതരിപ്പിച്ചു മാഞ്ഞുപോയി.
മൂന്നാമത്തവളെ അവന്‍ കരുതലോടെ, പ്രായോഗികതയുടെ ചട്ടക്കൂടിനുള്ളില്‍  നിന്ന്, സ്വന്ത ദേശത്തിനും ഭാഷക്കും മുന്‍ഗണന നല്‍കി തിരഞ്ഞെടുത്തു. പക്ഷെ അവള്‍, വീട്ടുകാരുടെ പ്രതികൂല മനോഭാവം ചൂണ്ടിക്കാട്ടി കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിസ്സഹായതയുടെ കണ്ണീര്‍കണങ്ങള്‍ s.m.s ആയി inbox ലേക്ക്  പറത്തിവിട്ടു ഓര്‍മയായി. അവന്‍ ബാഗും തൂക്കി സ്വഗൃഹത്തിലേക്കു  ബസ്സുകയറി. തോളിലെ മാറാപ്പില്‍ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളോടൊപ്പം കഴിഞ്ഞ semesters സമ്മാനിച്ച  supplementary exam കളുടെ ഭാരവും ഉണ്ടായിരുന്നു. ഇട്ടിരിക്കുന്ന കളസത്തിന്‍റെ കീശയ്ക്കു കനം തോന്നിയപ്പോള്‍ അതിലെ mobile എടുത്തു, തലേന്നത്തെ ചീഞ്ഞ conversation കള്‍ delete ചെയ്തു വീണ്ടും തിരുകി- അല്‍പ്പമൊരു ആശ്വാസം....... വീട്ടിലെത്തിയിട്ടും തലയ്ക്കകത്തെ പെരുപ്പിനും മൂളലിനും യാതൊരു ശമനവുമില്ല. വീട്ടിലെ ഏതോ ഒരു മൂലയിലിരുന്നു radio ആവര്‍ത്തിച്ചു പാടിക്കൊണ്ടിരുന്നു "ഒറ്റയല്ല ഒറ്റയല്ല ഒറ്റയല്ല". തിരഞ്ഞു പിടിച്ചു നിലത്തടിച്ചു കൊന്നിട്ടും അരിശം ബാക്കി. ശബ്ദം കേട്ട് മുന്‍വശത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്‍ ജനലിലൂടെ ഉള്ളിലേക്ക് പാളി നോക്കി. അപ്പോഴും അരിശം കൊണ്ട് വിറയ്ക്കുന്ന, ഭ്രാന്തമായ  കിതപ്പോടെ ചിതറിക്കിടക്കുന്ന capacitor നെയും transistor നെയും resistor നെയും ചൂഴ്ന്നു നോക്കിക്കൊണ്ടിരുന്ന  മകനെക്കണ്ട് അദേഹത്തിന്‍റെ  പുരികം ചോദ്യചിഹ്നമായി.......?   
           

Sunday, April 8, 2012

"തോറ്റവന്‍"

സത്യവും കള്ളവും വകഞ്ഞുമാറ്റാനുള്ള
വിവേചനത എന്നാണു എനിക്കിനി ഉണ്ടായീടുക?
ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍- ദൈവത്തെ മാത്രമേ
വിശ്വസിക്കാവൂ എന്ന സത്യം  എന്നാണിനിയും ബോധ്യമാവുക? 
ചിരിച്ചടുക്കുന്നവരെല്ലാം സുഹൃത്തുക്കള്‍ ആണെന്ന
മിഥ്യാബോധത്തെ എന്നാണെനിയ്ക്കു വര്‍ജ്ജിക്കാനാവുക?
നെല്ലും പതിരും എന്നെനിയ്ക്കിനി വേര്‍തിരിക്കാനാവും?
മനസ്സിലുള്ളതെല്ലാം തുറന്നു പറയരുതെന്ന -
പഠിച്ചിട്ടും പഠിക്കാത്ത പാഠം 
എന്നാണു ഇനിയെന്‍  മനസ്സില്‍ മായാതെ കോറുക?
ലോകമേ ക്ഷമിക്കുക , നിന്നെ മനസ്സിലാക്കാന്‍
എന്നാണു എനിക്കിനിയാകുക  ?

   

Tuesday, March 27, 2012

പ്രഹേളിക



"സാറേ കൈ നോക്കണാ"
ഞാനെന്‍റെ വലതുകരം അവര്‍ക്കുനേരെ നീട്ടി. അന്നത്തെ അന്നത്തിനായുള്ള ആദ്യത്തെ ഇര ഞാനായിരുന്നെനു തോന്നുന്നു. കൈക്കുമുകളില്‍ ഫ്രെയിം തുരുമ്പിച്ച ലെന്‍സ് ചാഞ്ഞും ചരിഞ്ഞും കാകദൃഷ്ടി നടത്തി. കൈനീട്ടുനതിനു മുന്‍പും ശേഷവുമുള്ള ഉത്സാഹവും ആവേശവും മെല്ലെ മെല്ലെ അവരുടെ മുഖത്ത് നിന്ന് മാഞ്ഞു പോയി. ലെന്‍സ്‌ ഭാണ്ടക്കെട്ടിലേക്ക് തിരികിക്കയറ്റി, എന്‍റെ മുഖത്തേക്ക് പോലും നോക്കാതെ അവര്‍ ധൃതിയില്‍ തിരിഞ്ഞു നടന്നു. അടുക്കും ചിട്ടയും ഇല്ലാതെ തലങ്ങും വിലങ്ങും 'ചറ പറ'എന്നുള്ള  കൈരേഖ അവര്‍ക്കും ഒരു പ്രഹേളിക ആയിരിക്കണം. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗത്തില്‍ നടന്നകലുന്ന അവരെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട്‌ ഞാന്‍ ഓര്‍ത്തു   'എന്നെ ചിലപ്പോള്‍ എനിക്ക് തന്നെ മനസ്സിലാകുന്നില്ല.............ജീവിതമാണെങ്കില്‍ പിടിതരാത്ത കള്ളനെ പോലെ,  ഉത്തരം തരാത്ത കുറെ ചോദ്യങ്ങളുമായി...........'


  


Monday, February 13, 2012

പ്രണയം 
തോന്നാതിരുന്നെങ്കില്‍ ഏറെ നന്നായിരുന്നു;
തോന്നിയാല്‍ പിന്നെ തോന്നാതിരുന്നെങ്കിലെന്ന്,
പറയാനും പറയാതിരിക്കാനുമാവാത്ത സങ്കടം
അതൊരു വല്ലാത്ത അനുഭൂതിയെന്നു 
തോന്നുമായിരിക്കും.........
പക്ഷെ ക്യാന്‍സര്‍, എപ്പോഴെങ്കിലും
ആര്‍ക്കെങ്കിലും അനുഭൂതിയായി
തോന്നിയിരുന്നെന്നോ തോന്നുന്നുണ്ടെന്നോ,
എനിയ്ക്കറിയില്ല; അജഞതയായിരിക്കാം......
വേഗത രണ്ടിനും ഒന്ന് തന്നെ
നാം അറിയാതെ നമ്മെ വിഴുങ്ങുന്നു.
ഇരയായി ഇരതേടി ഇരപിടിച്ചു......
രണ്ടായാലും മരണത്തിനു മുകളിലെ 
നൂല്‍പ്പാലത്തിലൂടെയുള്ള  നടത്തം  ഉറപ്പാണ്
കാല്‍തെറ്റി വീണാല്‍ മരണത്തിലേക്ക്
ശരീരമായാലും മനസ്സായാലും
മരണം, മരണം തന്നെ. 

Saturday, January 7, 2012

MBA in Crisis Management- 2 yrs @ K.A.U

അമര്‍ത്തിയ തേങ്ങലുകള്‍ 
ആരും കാണാതെ തുടച്ചു കളഞ്ഞ-
കണ്ണീര്‍ കണങ്ങള്‍
internal എന്ന വജ്രായുധം ഭയന്നു 
ചവച്ചിറക്കിയ പ്രതിഷേധങ്ങള്‍......
ആരും കാണാതെ മുറിയിലടച്ചു
പല്ല് ഞെരിച്ചു സ്വയം പഴിചാരി
അപ്പോഴും നഷ്ടം എനിക്കുതന്നെ,
തേഞ്ഞ പല്ലിനായി ചിലവഴിച്ചു; ആയിരം.
ഒതുങ്ങി, ഒതുക്കി,
ചത്തതിനൊക്കുമേ ജീവിച്ചു ജീവിച്ചു
ഞാന്‍ ഞാനല്ലാതായി തീര്‍ന്നിരിക്കുന്നു!
ശവത്തെയും അവര്‍ വെറുതെ വിട്ടില്ല,
അപ്പോള്‍ അറിയാതെ ഒന്ന് മൂളിപ്പോയി
ഉടനെയവര്‍ പേരിട്ടു- ഗുണ്ടായിസം.
പല്ല് തേഞ്ഞു, മുടി നരച്ചു,
മുടി കൊഴിഞ്ഞു ഒന്നര വര്‍ഷം....
എട്ടു മാസം ഇനിയും ബാക്കി
എന്തെല്ലാം അവശേഷിക്കുമോ ആവോ!?!
എനിക്കെന്നെത്തന്നെ നഷ്ടപെടാതിരിക്കട്ടെ
ഉദിഷ്ടകാര്യത്തിനുപകാര സ്മരണയായി
ഞാനിതിവിടെ കുറിയ്ക്കുന്നു ....
മനുഷ്യനെ "പ്രൊഫെഷണല്‍"ആക്കിയതിന്-
നന്ദി.......നന്ദി........നന്ദി.