Saturday, December 24, 2011

!?*#%@
അന്തം വിട്ടിരിക്കുക; അതൊരു വല്ലാത്ത സുഖമുള്ള എന്നാല്‍ തീരെ സുഖമില്ലാത്ത അവസ്ഥയാണ്. ഇത്തരം അവസ്ഥ മിക്കപ്പോഴും കൈവരിക്കുന്നത്, കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ഗഹനമായ അറിവുള്ള അധ്യാപകരുടെ ക്ലാസ്സുകളിലായിരിക്കും. "Is it so? Isn't it?" എന്ന അദ്ധ്യാപകന്‍റെ ചോദ്യത്തിന് മുന്‍പില്‍, രണ്ടിനും ആണെന്നോ അല്ലെന്നോ ദ്യോതിപ്പിക്കുന്ന വിധം തലയാട്ടുക. സംവദന വിഷയത്തെക്കുറിച്ചുള്ള ദാതാവിന്‍റെ ബൗദ്ധിക തലം സ്വീകര്‍ത്താവിന്‍റെതുമായി താരതമ്യം ചെയ്യുമ്പോള്‍ നോക്കെത്താ ഉയരത്തില്‍ ആയിരിക്കുകയും സ്വീകര്‍ത്താവ് ഒന്നും മനസ്സിലാകാതെ എന്നാല്‍ എല്ലാം മനസ്സിലായ പോലെയും തുടരുക- കണ്ണുമിഴിച്ചു, ഇമവെട്ടാതെ, വായ പകുതി തുറന്നു, ശ്വാസ്വോച്ച്ചാസത്തിന്‍റെ ലാഞ്ചനകള്‍ പുറത്തു കാണിക്കാതെ, വിഡ്ഢികൂശ്മാണ്ട ഭാവം അകത്തു നിറഞ്ഞു ജ്ഞാനികൂശ്മാണ്ട ഭാവം പുറത്തു വരുത്താന്‍ കഷ്ടപ്പെട്ട്, അങ്ങനെയങ്ങ് ഇരിക്ക്യ.......

Thursday, December 15, 2011

No More
അവകാശ വാദങ്ങളില്ല
കൂട്ടകരച്ചിലുകളും കേള്‍ക്കാനില്ല
പുതച്ചിരിക്കുന്ന പുതപ്പിന്
ആരുടേയും നിറമില്ല
ആള്‍ക്കൂട്ടമില്ല പ്രസംഗങ്ങളുമില്ല.
ആരെല്ലാമോ ഉണ്ടായിരുന്നു!
ഇപ്പോള്‍ ഈച്ചയും ഉറുമ്പും
പെരുച്ചാഴികളും മാത്രം.
ആതുരസേവന പഠനകേന്ദ്ര
വിദ്യാര്‍ഥികള്‍- അഭിനവ ഭിഷഗ്വരന്മാര്‍  
പേടിയോടെ, അറപ്പോടെ തള്ളിയ;
പുഴുവരിച്ച് ഉറുമ്പരിച്ച്
കുഴിച്ചിടപ്പെട്ടോരനാഥ ശവം
കൂടെ പുറത്തറിയാതെ എന്നോടൊപ്പം
കുഴിച്ചിടപ്പെട്ട നിറമുള്ള കഥകളും.

Sunday, December 4, 2011

നാളെ 
ഇന്നലെ എന്തായിരുന്നുവോ നാളെ അതല്ലാത്തതായ  ഒരു  അവസ്ഥ. രണ്ടിനും ഇടയില്‍ രണ്ടും കലര്‍ന്നതായൊരു  ഇന്ന്. ആ ഇന്നിനു ഒരു സുഖമൊക്കെയുണ്ട് - സ്വപ്നത്തിന്‍റെയും  പ്രതീക്ഷയുടെയും വര്‍ണപ്പകിട്ടുകള്‍ക്കൊപ്പം  , ആശങ്കയുടെ നേരിയ കാളിമയും കലര്‍ന്ന, ഒരു ക്ലാസ്സിക്‌ portrait ചിത്രത്തിന്‍റെ ഭാവം.
    ഒരു ദിവസത്തേയ്ക്കാണെങ്കില്‍  കൂടി ഇന്ന്  ഞാനൊരു രാജകുമാരി തന്നെ ആയിരുന്നു - വേഷത്തില്‍, പദവിയില്‍ എല്ലാം! ഒരു പക്ഷെ നാളെയൊരു ദിവസത്തേക്ക് കൂടി ആ പദവി നീട്ടിക്കിട്ടുമായിരിക്കാം. കാമുകിയില്‍ നിന്ന് ഭാര്യയിലേക്ക്, മകളില്‍ നിന്ന് മരുമകളിലേക്ക്, കൂട് വിട്ടു കൂട് മാറ്റം.
ആ പരകായ പ്രവേശം  വിജയകരമാകുമോ എന്തോ - വിജയകരമാകാതിരിയ്ക്കാന്‍  ഒരു വഴിയും കാണുന്നില്ല;
'ന : സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതി ', മനുസ്മ്രിതിയിലെ വരികള്‍ സ്മൃതി  മണ്ഡപത്തെ  വിട്ടു പോകാനാവാത്തവിധം  വിധം  അടിച്ചേല്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നു.
   ഡിഗ്രിക്ക് പഠിയ്ക്കുമ്പോള്‍ പഠിക്കാന്‍ ഉണ്ടായിരുന്ന ' ഡോള്ല്സ് ഹൌസിലെ ' നോറ; വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഞാനും ഒരു പാവയല്ലായിരുന്നോ ? എന്ത് പറയണം , എങ്ങോട്ട് പോകണം, എങ്ങനെ പെരുമാറണം - ചലിപ്പിച്ചിരുന്ന  നൂലുകള്‍ അച്ഛനില്‍ നിന്ന് ഭര്‍ത്താവിലേക്ക്. പാവ പഴയ പാവ തന്നെ . സമൂഹത്തിനും പാവകളെ മതി , അല്ലാത്തവ നിഷേധികള്‍ , അധിക പ്രസംഗികള്‍.
" നീ ഇവിടെ ഇരുന്നു സ്വപനം കാണാ ! മണിയെത്രയായെന്നു അറിയോ ? " അമ്മയാണ്. സ്വപനമായിരുന്നോ ആശങ്കയായിരുന്നോ , അറിയില്ല . ക്ലോക്കിലേക്ക്  നോക്കിയപ്പോളാണ്  സമയം പന്ത്രണ്ട്   ആയിരിക്കുന്നു. 


   " മോള് കിടന്നോളു, ഇല്ലെങ്കില്‍  ഈ പ്രസാദം ഒന്നും നാളെ മുഖത്തു കാണില്ല്യട്ടോ '. എന്‍റെ മുഖത്തെ  അവര്‍ അവരുടെ പരുപരുത്ത തഴമ്പിച്ച കൈകളില്‍ എടുത്തുകൊണ്ട്  പറഞ്ഞു . ആ മുഖത്ത്, കണ്ണില്‍, ഞാന്‍ കണ്ട ഭാവം എന്തായിരുന്നു ? തന്നേത്തന്നെ  കണ്ടതിന്‍റെ അത്ഭുതമോ! നൈരാശ്യമോ ? തിരിച്ചറിയാന്‍ കഴിഞ്ഞില്ല , അപ്പോഴേക്കും  അമ്മ മുഖത്തുനിന്നു കണ്ണുകള്‍ എടുത്തു. അന്ന് അമ്മ എന്നോട് വളരെ ചേര്‍ന്ന് കിടന്നു.

Tuesday, November 22, 2011

മറ്റൊരു ചരമഗീതം, അല്ല! പ്രേതഗീതം 
ഇവിടെ ഞാന്‍ ഉണ്ടായിരുന്നു ........
കല്ലായി മണ്ണായി 
ചെടിയായി വടു വൃക്ഷമായി 
അതിന്മേലെ ഫലമായി കിളിയായി;
എന്‍ കാലുകളെ ഇക്കിളിപ്പെടുത്തി
കൊഞ്ചിക്കുഴഞ്ഞൊരു പുഴയുമൊഴുകിയിരുന്നു,
ഇതെന്‍റെയും അവളുടെയും പ്രേതഗീതം.
ആദ്യം നിങ്ങളവളെ
എന്നില്‍ നിന്നും പറിച്ചെറിഞ്ഞു,
അവളുടെ കൊഞ്ചുന്ന ചിണുങ്ങുന്ന മണല്‍ഹൃദയം
നിങ്ങള്‍ കോണ്‍ക്രീറ്റിനുള്ളില്‍ കുഴിച്ചിട്ടു.
     'ചക്രങ്ങള്‍'* സൃഷ്‌ടിച്ച നിങ്ങള്‍ക്കായിതാ 
ഞാനെഴുതിയ നിങ്ങളുടെ ചക്രം-
കാടനായി, നാടനായി, നാഗരികനായി
പിന്നെ വീണ്ടും 'കാടനായി'.
കാന്‍സര്‍ സെല്ലുകള്‍ കണക്കെ
കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊങ്ങുമ്പോള്‍
ബാധിക്കുന്നതെന്‍ ഹൃദയത്തിനാണ്   കാന്‍സര്‍    
അതിന്‍റെ വ്യാപനത്തിന് വേഗത കൂട്ടാനായി 
നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നൊരൊന്നൊന്നര
ഓങ്കോ ജീനിനെ**- ജെ.സീ.ബി എന്നൊരു ഓമന.
ഇപ്പോള്‍ നിങ്ങളെന്നെ പഴഞ്ച്നെന്നു പറഞ്ഞേക്കാം
നിന്‍റെ നെഞ്ച് വെട്ടിപ്പൊളിക്കുമ്പോള്‍ നീയും പഴഞ്ചനാകും.
പെണ്ണിനെ വിറ്റവനെക്കാള്‍ മാന്യതയോ,
മണ്ണിനെ വിറ്റവന്????!
നോട്ടിന്‍റെ ;    ഹുങ്കിന്‍റെ നുളപ്പില്‍ നീയെത്രകാലം?
നിന്‍ കാലിന്‍ ചുവട്ടിലെ മണ്ണുമാന്തി
നിന്‍ കീശ വീര്‍പ്പിച്ചു എത്രകാലം!
'പ്രകൃതി വിരുദ്ധങ്ങളെ' കണ്ണടച്ചനുകൂലിച്ചും
പറയാതെ സമ്മതിച്ചവരായ നിങ്ങള്‍,
പട്ടാപ്പകല്‍, എന്‍ ഉടുതുണി ഉരിഞ്ഞപ്പോള്‍
എന്നെ ബാലാത്സംഘം  ചെയ്തപ്പോള്‍ 
നിര്‍ന്നിമേഷരായി, ഉദ്വേഗഭരിതരായി
ഇമവെട്ടാതെ നോക്കിനിന്നപ്പോള്‍
അതിശയപ്പെട്ടില്ല   തെല്ലും  സങ്കടപ്പെട്ടുമില്ല ഞാന്‍.
ചരിത്രത്തെ അവഗണിക്കുന്ന 
പാടമുള്‍ക്കൊള്ലാത്ത  മൂഡാ,
അവള്‍ വരും ഒരു മഹാപ്രളയമായ്
കല്ലുടച്ചുതകര്‍ത്തു മണ്ണാക്കി , മണ്ണുകൂട്ടി കല്ലാക്കി
എന്നെ അവള്‍ പുന:സൃഷ്ടിക്കും 
എന്‍റെ കാലില്‍ അന്നവള്‍, പഴയപോലെ 
വീണ്ടും ചിണുങ്ങിയൊഴുകും - ശാന്തയായി
ഇന്നലെ ഞാനുണ്ടായിരുന്നു, ഇന്ന് ഞാനില്ല 
പക്ഷെ നാളെ ഞാനുണ്ടാകും,
അത് കാണാന്‍ നീയുണ്ടാകില്ല-
തെന്നതെന്‍ വലിയ നൊമ്പരം.




*ചക്രങ്ങള്‍ - nitrogen cycle, rain cycle, CO2 cycle etc.
** Oncogene - Gene responsible for cancer



Thursday, August 18, 2011

?????

'integration differentiation'
ഭൂരിപക്ഷത്തെയും വിറപ്പിച്ച 
പിടി കിട്ടാത്ത വല്ലാത്തൊരു സമസ്യ തന്നെ 
ഇപ്പോള്‍ എനിക്ക് മുന്നില്‍
ചോദ്യ ചിഹ്നമായി നില്‍ക്കുന്നത് ഇവയല്ല 
എങ്കിലും സമസ്യ തന്നെ
ഗണിതത്തില്‍ നിന്നും link biology via.
തത്വ ശാസ്ത്രത്തിലേക്ക് ഒരു ചുവടുമാറ്റം 
kidney ക്ക് വില ലക്ഷങ്ങള്‍ 
രക്തദാനം ജീവദാനം- ജീവന്‍റെ വില
നേത്രദാനം മഹാദാനം- വെളിച്ചത്തിന്‍റെ വില
കൂടുന്ന മദ്യ ഉപഭോഗത്തിനാനുപാതികമായി
കരളിന്‍റെ ആവശ്യകതയും ഏറുന്നു
മാറുന്ന ജീവിത ശൈലി 
മാറ്റുന്നു ഹൃദയങ്ങളെ
വില മിച്ചവും ഗുണം തുച്ചവുമായ 
heart transplantation കള്‍
അങ്ങനങ്ങനെ മനുഷ്യ ശരീര differentiation
കോടികളുടെയും കോടിക്കോടികളുടെയും
തിളക്കമേകുമ്പോള്‍
ഇവയുടെ integrated solution ആയ 
മനുഷ്യ ശരീരം അതായത് മനുഷ്യജീവിതം 
വിലയില്ലാത്തതായി വിലയം പ്രാപിക്കുന്നു-
"conditions apply"
only applicable to പിണം 
'പണമില്ലാത്തവന്‍ പിണം'
(പണമില്ലായ്മ+power ഇല്ലായ്മ)2 equal to
total ignorance2+2* മതിപ്പില്ലായ്മ+ വിലയില്ലായ്മ2 



Friday, July 1, 2011

നോക്കുകുത്തി

ലൂയി പതിനാലാമാനും 
പത്നിക്കും അഭിമാനിക്കാം 
കുഴിമാടത്തിലിരുന്നു പുളകമണിയാം
രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷവും 
അവര്‍ക്ക് പിന്‍ഗാമികളേറെ 
അപ്പത്തിനു പകരം കേക്ക് വിഴുങ്ങാന്‍-
പച്ചയ്ക്ക് പറയാതെ പറയുന്നവര്‍
'ഇന്ധന വില മാസാമാസം 
കുതിയ്ക്കുന്നത് ഭാവിയില്‍ 
inflation കുറയ്ക്കുമെന്ന്' ഒരാള്‍,
തലപ്പത്തിരുന്നു ബാങ്ക് interest curve
90 ഡിഗ്രിയ്ക്ക് വച്ച് മര്‍ക്കടമുഷ്ടി 
പിടിക്കുന്ന മറ്റൊരാള്‍ 
inflation അപ്പോഴും 
പിടി കൊടുക്കാത്ത കള്ളനെ പോലെ....
വിശക്കുന്ന  വയറുകള്‍ക്ക്‌
എണ്ണത്തില്‍  ഒട്ടും കുറവില്ലാത്തത് പോല്‍   
ധാന്യശേഖര അറയില്‍ 
നശിച്ചുകൊണ്ടിരിക്കുന്ന ധാന്യമണികള്‍ക്കുമില്ല
കയ്യും കണക്കും.
ചാവുന്ന വയറിലേക്ക് 
നശിക്കുന്ന ഒരു ധാന്യമണിയെങ്കിലും 
എത്തിക്കാന്‍ നിയമമ്മില്ലത്രേ?
ടാറ്റയ്ക്കും ബിര്‍ലയ്ക്കും അമ്ബാനിമാര്‍ക്കും
എന്തിനു എം.പിമാര്‍ക്കും ക്രിമിനലുകള്‍ക്കും വരെ 
നിയമ ഭേദഗതി  ഒരുദിവസത്തിനുള്ളില്‍
വിശക്കുന്ന- ചാവുന്ന വയറുകള്‍ക്ക്‌
മുന്നില്‍ നിയമം വെറും നോക്കുകുത്തി 
മറുഭാഗത്ത്‌ 'ജീവിക്കുന്ന' പ്രജകള്‍ 
അവര്‍ക്കിടയിലെ മരിക്കുന്ന വയറുകള്‍ക്ക്‌ മുന്‍പില്‍
കണ്ണു പൊത്തി ചെവിപൊത്തി വായപൊത്തി
ചലനമില്ലാത്ത നോക്കുകുത്തിയായി......

Tuesday, June 21, 2011

പള്‍സ്
ചിരിച്ചു ചിരിച്ചു ചിരിച്ചു....... വയറു കൊളത്തിപ്പിടിച്ചു. ആരാന്‍റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ അല്ലേലും കാണാന്‍ കുറച്ചു ചന്തമൊക്കെ തോന്നും, പക്ഷെ ഇത് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല, ഹെന്‍റെമ്മോ ! പറഞ്ഞു വരുമ്പോള്‍ നിങ്ങള്‍ക്ക്  ചിലപ്പോള്‍ ചിരി വരണം എന്നൊന്നും ഇല്ല; പക്ഷെ എനിക്ക് ചിരിച്ചു കൂടെ? 'ആട്ടം നോട്ട'ത്തില്‍  കവി കെ.ആര്‍.ടോണി പറഞ്ഞതുപോലെ......... 
കലാലയ അന്തരീക്ഷം ഒരിയ്ക്കലും സ്ടാറ്റിക് അല്ല ഡയനാമിക് ആണ്; അത്  മാറ്റങ്ങളുടെ പ്രളയനിലമാണ്‌. ഇന്നലത്തെ കലാലയ ജീവിതമല്ല ഇന്നത്തെ ക്യാംപസുകളില്‍ ഉള്ളത്, നാളെ അത് മറ്റൊന്നായിരിക്കുകയും ചെയ്യും. അവിടങ്ങളിലെ അന്തരീക്ഷമാകട്ടെ ഒന്ന് മറ്റൊന്നിന് സമാനവുമല്ല, എന്നാല്‍ ചില പൊതു ട്രെണ്ടുകള്‍ ഉണ്ട് താനും.
വായനക്കാരായ നിങ്ങള്‍ക്ക് ചിരി വരാത്ത എന്നാല്‍ എനിക്ക് ചിരി അടക്കാനാവാത്ത സംഭവം വിവരിക്കാന്‍, ഇത്രയും ഘനമായ മുഖവുര മതിയെന്ന് തോന്നുന്നു. കാര്യത്തിലേക്ക് കടക്കാം, എന്‍റെ കോളേജില്‍  പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ ഇടയില്‍ കൂടിവരുന്ന ഒരു പുതിയ കൂട്ടമാണ്‌, 'ശശികള്‍' ഇത്രയും എഴുതിത്തീര്‍ന്നപ്പോഴെക്കും  എന്‍റെ മനസ്സിലേക്ക് രണ്ടു ഭയങ്ങളാണ് ഓടിക്കയറിയത് -ഇതെങ്ങാനും കേട്ട് സംഗതി 'ഇത്രയേ ഉള്ളൂ' എന്നറിയുന്നതിനു മുന്‍പ്  വല്ല ചാനലുകാരും വട്ട മേശ സമ്മേളനമോ, ആളുകളെ അപ്പുറവും ഇപ്പുറവും ഇരുത്തി ചുക്കാന്‍ പിടിക്കുന്ന ആള്‍ നടുക്കളത്തില്‍ ചവിട്ടുനാടകമോ മറ്റോ അരങ്ങേറുമോ എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്,   യഥാര്‍ത്ഥത്തില്‍ " ശശി " എന്ന പേരുള്ളവര്‍ സംഘടിച് എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയോ 'കാണേണ്ട വിധം ' കാണുകയോ ചെയ്യുമോ എന്നതാണ്. രണ്ടാമത്തെ കൂട്ടരോട് ഒന്ന് പറഞ്ഞു കൊള്ളട്ടെ, ആ പേരിട്ടതും പ്രചരിപ്പിച്ചതും ഞാനല്ല എപ്പോളോ എങ്ങനെയോ അത് പൊട്ടിമുളച്ചു. ആരും copy right ഉം കൊണ്ട് വരികയും ഇല്ല . കാര്യം 'നിസ്സാരം' പഴയ 'രമണന്‍റെ' പുതിയ കാലഘട്ടത്തിലെ പുതിയ മുഖം. പക്ഷെ പുതിയ രമണന്‍മാര്‍ താടി നീട്ടി വളര്‍ത്തി ശോകഗാനവും പാടി ഒരു തുണ്ട് കയറിലോ അഗാധമായ കൊക്കയിലോ 'മരണന്മാര്‍' ആകാന്‍ ഒരുക്കമല്ല. അവരിപ്പോള്‍ വളരെ ബോള്‍ഡ് ആണ്, അത്തരം തീരുമാനങ്ങളിലേക്ക് അവരെ നയിക്കണമെങ്കില്‍ വീട്ടുകാര്‍ "മഴ ആയതു കൊണ്ട്  ഇന്ന് ബൈക്ക് എടുക്കേണ്ട" "മൊബൈല്‍ അപ്പ്‌ ഗ്രേഡ് ചെയ്യുന്നത് ഇന്ന് വേണ്ട നാളെയാക്കാം" അങ്ങനെ നീളുന്ന 'അതിഘോര'മായ statementകള്‍ ഇറക്കേണ്ടതുണ്ട്. കാമ്പസിലെ പുതിയ അസ്സോസ്സിയേഷന്‍ ആണ്  C.P.A ( ചോര പോയവരുടെ അസ്സോസ്സിയേഷന്‍ ) 'ശശി'കള്‍ ആണ് അതിലെ members.ഏറ്റവും കൂടുതല്‍ 'ശശി' ആയവന്‍ പ്രസിഡന്‍റെ, അത് കഴിഞ്ഞു സെക്രടറി അങ്ങനെ അസ്സോസ്സിയേഷനിലെ സ്ഥാനങ്ങള്‍ പോകുകയായി.അടുത്ത കോളേജ് ഇലക്ഷനില്‍ മുഖ്യധാരാ പാര്‍ട്ടികളോടൊപ്പം C.P.A ഉം മത്സരിക്കുന്നുണ്ടെന്നൊരു വാര്‍ത്ത കേട്ടു, ഉള്ളതോ എന്തോ?!
                ഓരോ membersന്‍റെയും  'കദന' കഥകള്‍ വ്യത്യസ്തമാണ്. ഈ അടുത്ത് ഒരു memberന്‍റെ  കഥ ഞാന്‍ അറിഞ്ഞത് ഇങ്ങനെയാണ്...
      അവനു membership അംഗീകരിക്കാന്‍ ഒരു പ്രങ്ങ്യാസം. തന്‍റെ പ്രണയം കഥാനായിക നിഷേധിച്ചെങ്കിലും അവള്‍ പഴയത് പോലെ തന്നെ നന്നായി ചിരിക്കുന്നു തന്നോട് സംസാരിക്കുന്നു....... ഇതെല്ലം അവനെ പ്രതീക്ഷ കൈവെടിയാന്‍ വിസമ്മതിക്കുന്നു. തന്നില്‍ ഇപ്പോഴും പ്രതീക്ഷകള്‍ ഉണ്ടെന്നു മനസ്സിലാക്കിയ അവന്‍റെ ഉറ്റ സുഹൃത്ത്‌ അവന്നു കരുത്തേകി, ആത്മവിശ്വാസം പകര്‍ന്നു. നമ്മുടെ കഥാനായകന്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലാത്ത 'രഹസ്യം' എന്താണെന്നുവെച്ചാല്‍ അവനു ആത്മധൈര്യം പകര്‍ന്ന, ഇപ്പോഴും തോളില്‍ കൈവെച്ചു നടക്കുന്ന അവന്‍റെ       
ആത്മസുഹൃത് പിറ്റേന്ന് തന്നെ പോയി കഥാനായികയോട് പ്രണയാഭ്യര്‍ത്ഥന നടത്തി എന്നുള്ളതാണ്. ആത്മസുഹൃത്തിന്‍റെ  പ്രണയാഭ്യര്‍ത്ഥന കഥാനായിക സ്വീകരിച്ചോ ഇല്ലയോ എന്നതൊക്കെ കഥയ്ക്ക് പുറത്തുള്ള ചോദ്യം, അതിനുത്തരം ആലോചിച്ചു തലപുകയ്ക്കാന്‍ നിങ്ങളോടൊപ്പം ഞാനില്ല. എന്‍റെ മനസ്സ് ഇപ്പോഴും കഥാനായകനോടൊപ്പം തന്നെയാണ്, അയാളിപ്പോഴും തന്‍റെ മുളപൊട്ടിയ പ്രതീക്ഷകള്‍ക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുക തന്നെയാണ്......
സുഹൃത്തേ നിന്നോടെനിക്ക് ഒന്നേ പറയാനുള്ളൂ, 
          "പ്രണയം ദുഖമാണ് ഉണ്ണീ
           ഒറ്റയ്ക്കല്ലോ സുഖപ്രദം"(കവി ക്ഷമിക്കുക)