Monday, February 28, 2011

തിരിച്ചറിവ്......
      മനസ്സ് , അത് മെരുക്കാനാവാത്ത ഒരു അശ്വമാണെന്ന്   ഞാനെവിടെയോ  വായിച്ചിട്ടുണ്ട് . വാസ്തവം . നിന്നെ എനിക്ക്  ഒരിക്കല്‍ പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തവണയും നീ എന്നെ  കൂടുതല്‍ കൂടുതല്‍ അത്ഭുതപ്പെടുതിക്കൊണ്ടിരിക്കുന്നു . അവസാനമായി നീ എനിക്ക് സമ്മാനിച്ചത് അത്ഭുതം മാത്രമായിരുന്നില്ല തിരിച്ചറിവിന്‍റെ   ആഘാതം കൂടി ആയിരുന്നു . ഞാന്‍ പോലും അറിയാതെ നീ എന്നെ അവനോട് അടുപ്പിച്ചു . അതൊരു അടുപ്പം മാത്രമായിരുന്നില്ലെന്ന തിരിച്ചറിവ് നീ എനിക്ക്  നല്‍കിയത് വൈകിയായിരുന്നു . ക്ഷമിക്കണം , ഞാന്‍ എന്‍റെ മനസ്സിനെ  കുറ്റപ്പെടുത്തി നിന്നെ അല്പം  മുഷിപ്പിച്ചു എന്ന് തോന്നുന്നു . വാസ്തവത്തില്‍ അതൊരു കുറ്റപ്പെടുത്തലിന്‍റെ  സംഭാഷണം അല്ല , മറിച്ച് നിനക്കു  മുന്‍പില്‍ ഞാന്‍ അനാവരണം ചെയ്ത എന്‍റെ മനസ്സാണ് . അതെ ഞാന്‍ നിന്നെ  സ്നേഹിക്കുന്നു, അഗാധമായി .  ഒരു പക്ഷെ  നിന്‍റെ ചിരിയെക്കുറിച്ച്‌  നടത്തത്തെക്കുറിച്ച് പലരും കളിയാക്കിയിരിക്കാം . പക്ഷെ ഞാനതെല്ലാം  വളരെ ഇഷ്ടപ്പെടുന്നു . നിന്നോടുള്ള  എന്‍റെ പ്രണയത്തിനു  നിന്‍റെ  പോരായ്മകള്‍   ഒരിക്കലും  ഒരു തടസമായിരുന്നില്ല , കാരണം ഒരിക്കലും  സുഖപ്പെടുത്താനാവാത്ത  വിധം  അന്ധമാണത്- എന്‍റെ പ്രണയം.  എന്‍റെ ശരീരം എരിഞ്ഞു തീരുവോളം  ആ പ്രണയം മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരിക്കും,  അവസാന  നിശ്വാസത്തിലും  ആ പ്രണയാഗ്നിയുടെ  താപം  എന്നിലുണ്ടാകും . എനിക്കല്ലാതെ  മറ്റാര്‍ക്കാണ്  നിന്നെ നീയായിത്തന്നെ അറിയുന്നത് ; ദൈവത്തിനും.  എന്നെ ഞാന്‍  പ്രണയിച്ചില്ലെങ്കില്‍  എനിക്ക്  മറ്റാരെയെങ്കിലും , മറ്റാര്‍ക്കെങ്കിലും  എന്നെയും  പ്രണയിക്കാന്‍  ആവുമോ ?
ഞാന്‍ പ്രണയിക്കുന്നു എന്നെത്തന്നെ , മാറ്റമില്ലാത്ത  പ്രപഞ്ചസത്യം. മറ്റുള്ളവരെ സ്നേഹിക്കാനായി സ്നേഹിക്കപ്പെടാനായി  ഞാന്‍ എന്നെത്തന്നെ  പ്രണയിച്ചു തുടങ്ങുകയാണ് ................ .

Thursday, February 3, 2011

ഉറക്കം
ഞാന്‍ ഉറങ്ങട്ടെ.........
ഉറങ്ങാന്‍ വേണ്ടിയോ?
ഉണരാന്‍ വേണ്ടിയോ?
നിരാശകള്‍ ; ഉറങ്ങണമെന്നും
പ്രതീക്ഷകള്‍  ; ഉണരണമെന്നും.
നിരാശകള്‍  വിസ്മരിക്കാനും
പ്രതീക്ഷകള്‍ക്ക് സ്വപ്നങ്ങളില്‍ ഇടം നല്‍കാനും
തിരിച്ചാവില്ലെന്ന 'അന്ധവിശ്വാസ'ത്തോടെ
ഇനി ഞാന്‍ ഉറങ്ങട്ടെ.
അല്‍പ നേരത്തേക്ക് ആണെങ്കില്‍ കൂടി
ഞാന്‍ ഉറങ്ങട്ടെ.
   

"Hen comes from egg
 And eggs come from hen  
What a conandrum" !!!!!
    മുന്‍പ് മൂന്നു തവണ parents meeting ഉണ്ടായപ്പോഴും പോകാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ പഠനചിലവ് കൂടിയതോടെ പലപ്പോഴും over time എടുക്കേണ്ടതായി വന്നിരുന്നു. Parents meetingനു വരാതിരുന്നതിനു പിണങ്ങിയപ്പോഴും ഞാന്‍ എന്‍റെ inconvenience അറിയിക്കാതിരുന്നത് മനപ്പൂര്‍വമായിരുന്നു. അവളുടെ പിണക്കത്തിനും കാര്യം ഇല്ലാതില്ല, അവളായിരുന്നു ക്ലാസ്സ്‌ ടോപ്പര്‍  അതുകൊണ്ട് തന്നെ അന്നത്തെ താരവും. തീര്‍ച്ചയായും എന്‍റെ സാന്നിധ്യം അവളാഗ്രഹിക്കും. പഠിക്കാന്‍ വളരെ മിടുക്കിയാണ് അതുകൊണ്ട് മാത്രമാണ് ഞാന്‍ അവളെ വിവാഹം കഴിച്ച ശേഷവും പഠനം തുടരാന്‍ അനുവദിച്ചത്. ഇന്ന് Head of the Department ഫോണില്‍ വിളിച്ചു, നിര്‍ബന്ധമായും വരണമെന്ന് പറഞ്ഞു. മൂന്നു സെമസ്ടര്‍ കഴിഞ്ഞിട്ടും guardianനെ കാണാത്തതിനാല്‍ ആയിരിക്കും.
                           "മേ ഐ കമിന്‍ സര്‍"
                            "യെസ് കമിന്‍ , ഇരിയ്ക്കൂ"
                            "രേഖയുടെ ഹസ്ബെന്‍റെ ആണ്"
                           "biodataല്‍ guardin ന്‍റെ  കോളത്തില്‍ നിന്നും പേരും അഡ്രസ്സും ഫോണ്‍    നമ്പറും കിട്ടി   ഭര്‍ത്താവാണ് അല്ലെ?"
                             (നീണ്ട മൌനത്തിനു ശേഷം )
                             "മൂന്നു parents meeting നും കാണാതിരുന്നത് കൊണ്ട്    
                              വിളിപ്പിച്ചതാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട്‌ ഒപ്പിട്ടിട്ട് പൊയ്ക്കോളൂ"
                              "ശരി സര്‍"
******     *****    *****    *****    ****     *****     ******   *****    ******     ******    *****  
                  പത്തു ഇരുപത്തിയഞ്ച് വര്‍ഷമായി ഈ department ല്‍ ജോലി ആരംഭിച്ചിട്ട്. അഞ്ചു കൊല്ലത്തിനു മുകളിലായി headof the department ആയി പ്രവര്‍ത്തിക്കുന്നു. ഇത്രയും വര്‍ഷത്തെ സര്‍വീസിനു ഇടയ്ക്കു ഇങ്ങനെ ഒരു ധര്‍മ്മസങ്കടം ആദ്യമാണ്. കുറച്ചു മുന്‍പ് എന്‍റെ മുന്‍പിലിരുന്നു, ഭാര്യയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ വളരെ സന്തോഷത്തോടെയും ഉ‍ത്സാഹത്തോടെയും മറിച്ച്‌ നോക്കി, ജോലി സ്ഥലത്തേക്ക് വന്നതിലും ഊര്‍ജ്ജത്തോടെ മടങ്ങിപ്പോയ  ആ പാവം മനുഷ്യനോടു സത്യം തുറന്നു പറയാന്‍ എനിക്കെങ്ങനെ സാധിക്കും. "മനുഷ്യാ നിങ്ങളെ വിളിപ്പിച്ചത് ഭാര്യയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ കാണിക്കാനല്ല, കോളേജ് discipline കമ്മിറ്റി immoral traffic നു കേസ് ചാര്‍ജ് ചെയ്ത വിവരം പറയുന്നതിനാണ്" എന്ന് ഞാനെങ്ങനെ പറയും. ഒരു നിമിഷം മുന്‍പേ, അതവളുടെ ഭര്‍ത്താവാണെന്ന് അറിയുന്നതിന് മുന്‍പേ പറഞ്ഞു പോയിരുനെങ്കില്‍........     
                             
                          
                    

Tuesday, February 1, 2011

സ്നേഹിച്ചു കൊണ്ടിരിയ്ക്കുന്നവര്‍ക്കും സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു പ്രേമലേഖനം 
പ്രിയതമ  എന്നോ പ്രിയയെന്നോ  അഭിസംബോധന ചെയ്തു ആരംഭിക്കുന്നതില്‍  അര്‍ത്ഥമില്ലെന്ന് ഞാന്‍ കരുതുന്നു . കാരണം അത് ഇവിടെ   എഴുതിയിട്ടില്ലെങ്കിലും എന്‍റെ ഹൃദയ ഫലകങ്ങളില്‍ മായ്ക്കാത്ത വിധം കോറിയിട്ടിരിക്കുകയാണ്. എന്‍റെ ഹൃദയത്തില്‍ പച്ചകുത്തിയ ആ വാക്കുകള്‍ കാണാനായി, ഇവിടെ ഞാനതെഴുതാതെ മനപ്പൂര്‍വം വിട്ടു കളഞ്ഞിരിക്കുന്നു. ഇന്നലെ നിന്നോട് വിട പറഞ്ഞതിന് ശേഷം എന്‍റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു. നിന്നോടുള്ള എന്‍റെ ഭാവം എന്താണെന്നു വേര്‍തിരിച്ചെടുക്കാന്‍  എന്‍റെ മനസ്സ് പണിപ്പെട്ടു കൊണ്ടിരുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്ന അവസരങ്ങളില്‍ ഞാന്‍   മറ്റുള്ളവരോട് ഇടപെടുനതിനെക്കാളും  മൌനിയായി മാറുന്നുണ്ടെങ്കിലും എന്‍റെ മനസ്സ് വളരെ ഏറെ വാചാലമായിരുന്നു എന്ന് നീ അറിയണം. രാത്രിയായിട്ടും എന്‍റെ ബോധമനസ്സിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, നിന്നോടുള്ള എന്‍റെ വികാരം സൗഹൃദമോ പ്രണയമോ?  ഒരു തീരുമാനത്തിലെത്താന്‍ ഉപബോധമനസ്സിനെ ചുമതല ഏല്‍പ്പിച്ചു ഞാന്‍ കിടക്കയെ ആലിംഗനം ചെയ്തു.
............................................................."നല്ല നീലാകാശം, തെളിഞ്ഞ ആകാശത്തിലേക്ക് പെട്ടെന്ന്  മേഘങ്ങള്‍ നിരന്നു. മേഘങ്ങള്‍ പല വര്‍ണങ്ങളില്‍ ആയിരുന്നു,അവ പൊഴിച്ച മഴക്കും അവയുടെ അതേ നിറമായിരുന്നു. ഈ പല വര്‍ണ്ണ ജല കണികകള്‍ ചേര്‍ന്ന് താഴെ ഉണങ്ങിയ ഭൂമിയില്‍ നീര്‍ച്ചാലുകള്‍ കീറി. ആ ചാലുകളിലൂടെ ഒഴുകിയ ജലത്തിന് കടും ചുവപ്പ് നിറമായിരുന്നു. ആ നീര്‍ച്ചാലുകള്‍ ഒരുമിച്ചു ചേര്‍ന്ന് ചെന്നെത്തിയ സമുദ്രത്തിനു നിന്‍റെ ച്ചായയായിരുന്നു. നീലാകാശത്തിനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിനെന്‍റെ മുഖവും" ..................................................................................................................................................
ഉറക്കം ഉണര്‍ന്നപ്പോഴേക്കും ബോധമനസ്സിലേക്ക് ഇന്നലെ process ചെയ്യാന്‍ ഉപബോധമനസ്സിനെ ഏല്‍പ്പിച്ച data, result ആയി കിട്ടിക്കഴിഞ്ഞിരുന്നു. അതേ; ഞാന്‍ നിന്നെ പ്രണയിക്കുന്നു. മറുപടിയ്ക്കായി കാത്തുകൊണ്ട് അസ്വസ്ഥമായ ഹൃദയം അസ്വസ്ഥമായിത്തന്നെ നിര്‍ത്തട്ടെ.
                                                            എന്ന് 
                               എന്നേക്കാള്‍ നിന്നെ സ്നേഹിക്കുന്ന ഞാന്‍.