Tuesday, February 1, 2011

സ്നേഹിച്ചു കൊണ്ടിരിയ്ക്കുന്നവര്‍ക്കും സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു പ്രേമലേഖനം 
പ്രിയതമ  എന്നോ പ്രിയയെന്നോ  അഭിസംബോധന ചെയ്തു ആരംഭിക്കുന്നതില്‍  അര്‍ത്ഥമില്ലെന്ന് ഞാന്‍ കരുതുന്നു . കാരണം അത് ഇവിടെ   എഴുതിയിട്ടില്ലെങ്കിലും എന്‍റെ ഹൃദയ ഫലകങ്ങളില്‍ മായ്ക്കാത്ത വിധം കോറിയിട്ടിരിക്കുകയാണ്. എന്‍റെ ഹൃദയത്തില്‍ പച്ചകുത്തിയ ആ വാക്കുകള്‍ കാണാനായി, ഇവിടെ ഞാനതെഴുതാതെ മനപ്പൂര്‍വം വിട്ടു കളഞ്ഞിരിക്കുന്നു. ഇന്നലെ നിന്നോട് വിട പറഞ്ഞതിന് ശേഷം എന്‍റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു. നിന്നോടുള്ള എന്‍റെ ഭാവം എന്താണെന്നു വേര്‍തിരിച്ചെടുക്കാന്‍  എന്‍റെ മനസ്സ് പണിപ്പെട്ടു കൊണ്ടിരുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്ന അവസരങ്ങളില്‍ ഞാന്‍   മറ്റുള്ളവരോട് ഇടപെടുനതിനെക്കാളും  മൌനിയായി മാറുന്നുണ്ടെങ്കിലും എന്‍റെ മനസ്സ് വളരെ ഏറെ വാചാലമായിരുന്നു എന്ന് നീ അറിയണം. രാത്രിയായിട്ടും എന്‍റെ ബോധമനസ്സിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, നിന്നോടുള്ള എന്‍റെ വികാരം സൗഹൃദമോ പ്രണയമോ?  ഒരു തീരുമാനത്തിലെത്താന്‍ ഉപബോധമനസ്സിനെ ചുമതല ഏല്‍പ്പിച്ചു ഞാന്‍ കിടക്കയെ ആലിംഗനം ചെയ്തു.
............................................................."നല്ല നീലാകാശം, തെളിഞ്ഞ ആകാശത്തിലേക്ക് പെട്ടെന്ന്  മേഘങ്ങള്‍ നിരന്നു. മേഘങ്ങള്‍ പല വര്‍ണങ്ങളില്‍ ആയിരുന്നു,അവ പൊഴിച്ച മഴക്കും അവയുടെ അതേ നിറമായിരുന്നു. ഈ പല വര്‍ണ്ണ ജല കണികകള്‍ ചേര്‍ന്ന് താഴെ ഉണങ്ങിയ ഭൂമിയില്‍ നീര്‍ച്ചാലുകള്‍ കീറി. ആ ചാലുകളിലൂടെ ഒഴുകിയ ജലത്തിന് കടും ചുവപ്പ് നിറമായിരുന്നു. ആ നീര്‍ച്ചാലുകള്‍ ഒരുമിച്ചു ചേര്‍ന്ന് ചെന്നെത്തിയ സമുദ്രത്തിനു നിന്‍റെ ച്ചായയായിരുന്നു. നീലാകാശത്തിനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിനെന്‍റെ മുഖവും" ..................................................................................................................................................
ഉറക്കം ഉണര്‍ന്നപ്പോഴേക്കും ബോധമനസ്സിലേക്ക് ഇന്നലെ process ചെയ്യാന്‍ ഉപബോധമനസ്സിനെ ഏല്‍പ്പിച്ച data, result ആയി കിട്ടിക്കഴിഞ്ഞിരുന്നു. അതേ; ഞാന്‍ നിന്നെ പ്രണയിക്കുന്നു. മറുപടിയ്ക്കായി കാത്തുകൊണ്ട് അസ്വസ്ഥമായ ഹൃദയം അസ്വസ്ഥമായിത്തന്നെ നിര്‍ത്തട്ടെ.
                                                            എന്ന് 
                               എന്നേക്കാള്‍ നിന്നെ സ്നേഹിക്കുന്ന ഞാന്‍.

No comments:

Post a Comment