തിരിച്ചറിവ്......
മനസ്സ് , അത് മെരുക്കാനാവാത്ത ഒരു അശ്വമാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട് . വാസ്തവം . നിന്നെ എനിക്ക് ഒരിക്കല്‍ പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തവണയും നീ എന്നെ കൂടുതല്‍ കൂടുതല്‍ അത്ഭുതപ്പെടുതിക്കൊണ്ടിരിക്കുന്നു . അവസാനമായി നീ എനിക്ക് സമ്മാനിച്ചത് അത്ഭുതം മാത്രമായിരുന്നില്ല തിരിച്ചറിവിന്‍റെ ആഘാതം കൂടി ആയിരുന്നു . ഞാന്‍ പോലും അറിയാതെ നീ എന്നെ അവനോട് അടുപ്പിച്ചു . അതൊരു അടുപ്പം മാത്രമായിരുന്നില്ലെന്ന തിരിച്ചറിവ് നീ എനിക്ക് നല്‍കിയത് വൈകിയായിരുന്നു . ക്ഷമിക്കണം , ഞാന്‍ എന്‍റെ മനസ്സിനെ കുറ്റപ്പെടുത്തി നിന്നെ അല്പം മുഷിപ്പിച്ചു എന്ന് തോന്നുന്നു . വാസ്തവത്തില്‍ അതൊരു കുറ്റപ്പെടുത്തലിന്‍റെ സംഭാഷണം അല്ല , മറിച്ച് നിനക്കു മുന്‍പില്‍ ഞാന്‍ അനാവരണം ചെയ്ത എന്‍റെ മനസ്സാണ് . അതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അഗാധമായി . ഒരു പക്ഷെ നിന്‍റെ ചിരിയെക്കുറിച്ച് നടത്തത്തെക്കുറിച്ച് പലരും കളിയാക്കിയിരിക്കാം . പക്ഷെ ഞാനതെല്ലാം വളരെ ഇഷ്ടപ്പെടുന്നു . നിന്നോടുള്ള എന്‍റെ പ്രണയത്തിനു നിന്‍റെ പോരായ്മകള്‍ ഒരിക്കലും ഒരു തടസമായിരുന്നില്ല , കാരണം ഒരിക്കലും സുഖപ്പെടുത്താനാവാത്ത വിധം അന്ധമാണത്- എന്‍റെ പ്രണയം. എന്‍റെ ശരീരം എരിഞ്ഞു തീരുവോളം ആ പ്രണയം മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരിക്കും, അവസാന നിശ്വാസത്തിലും ആ പ്രണയാഗ്നിയുടെ താപം എന്നിലുണ്ടാകും . എനിക്കല്ലാതെ മറ്റാര്‍ക്കാണ് നിന്നെ നീയായിത്തന്നെ അറിയുന്നത് ; ദൈവത്തിനും. എന്നെ ഞാന്‍ പ്രണയിച്ചില്ലെങ്കില്‍ എനിക്ക് മറ്റാരെയെങ്കിലും , മറ്റാര്‍ക്കെങ്കിലും എന്നെയും പ്രണയിക്കാന്‍ ആവുമോ ?
ഞാന്‍ പ്രണയിക്കുന്നു എന്നെത്തന്നെ , മാറ്റമില്ലാത്ത പ്രപഞ്ചസത്യം. മറ്റുള്ളവരെ സ്നേഹിക്കാനായി സ്നേഹിക്കപ്പെടാനായി ഞാന്‍ എന്നെത്തന്നെ പ്രണയിച്ചു തുടങ്ങുകയാണ് ................ .
No comments:
Post a Comment