Friday, May 27, 2011

1:1

ഭൂതകാലത്തിന്റെ നൊമ്പരങ്ങളെ 
 നിങ്ങളെന്തിനെന്നെ
വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുന്നു
ഓരോ ഉയിര്‍ത്തെഴുനേല്‍പ്പിനും
പുനര്‍ജന്മത്തിനും ഒടുവില്‍
മറവി കൂട്ടുവന്നിരുന്നെങ്കില്‍
നല്ല ഓര്‍മ്മകള്‍ മായ്ക്കാതെ,
അതുണ്ടെന്നു ആകില്‍;
ഇപ്പോഴും ചോരകിനിയുന്ന
മുറിവുകള്‍...... 
പാടെ മായ്ക്കപ്പെടെണ്ടതായിരുന്നു.
പിന്നീട് ഞാനറിഞ്ഞു
ആരോ പറഞ്ഞതാവാം
അല്ലെങ്കില്‍ പലപ്പോഴായി
ജീവിതം എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നതിനിടയ്ക്കു
മൊഴിഞ്ഞതും ആവാം
എങ്ങനെ ആയിരുന്നാലും ഞാന്‍ കേട്ടു.
വലിയ വീഴ്ചകള്‍ക്കൊടുവില്‍
എഴുന്നേല്‍ക്കാന്‍, പിന്നെ വേച്ചു നടക്കാന്‍
ഇരു കക്ഷത്തിനിടയിലും തിരുകുന്ന
ഊന്നുവടികളാണ് അവയെന്ന്-
മധുരസ്മൃതികളും കൊടിയനൊമ്പരങ്ങളും
അവയങ്ങനെ 1 : 1  അനുപാതത്തില്‍
ഇടതും വലതുമായി കൂട്ടിരിക്കുന്നു
അനുപാതം തെറ്റിയെന്നു
തെറ്റുദ്ധരിച്ചവരാകട്ടെ
അഹങ്കാരത്തെയോ   ഒരു തുണ്ട് കയറിനെയോ
തേടിപ്പോയി ......
മണ്ടന്മാര്‍, ജീവിതത്തെയും
പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് അക്കൗണ്ടില്‍
ആക്കിയ  തിരുമണ്ടന്മാര്‍


Thursday, May 5, 2011

ക്ഷമ
ക്ഷമക്കും വെച്ചിരിക്കുന്നു 
ഒരു നെല്ലിപ്പടി- അതിരായി!
എങ്കില്‍ അതെങ്ങനെ ക്ഷമയാകും?
മാതാ പിതാക്കള്‍ നല്‍കുന്ന-
-തൊരു ക്ഷമ,
നിയമം കണ്ണടക്കുമ്പോള്‍
ലഭിക്കുന്നു അല്പായുസ്സായ
വല്ലാത്തൊരു ക്ഷമ,
കഴുതയെന്നു പരിഹസിക്കപ്പെടുന്ന
ജനങ്ങള്‍, തുടരെ നല്‍കുന്നു
ഒരിയ്ക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ക്ഷമ
 വിദ്യാര്‍ഥികളുടെ അസഹിഷ്ണുതയുടെ ക്ഷമയ്ക്ക്
ആപേക്ഷികമാകുമോ അധ്യാപകരുടെ
ക്ഷമയെന്നു സന്ദേഹം
സ്ത്രീയുടെ ക്ഷമയ്ക്ക്
സഹനത്തിന്റെ പരിവേഷം
അങ്ങനങ്ങനങ്ങനെ 
ക്ഷമകള്‍ 'പലവിധമീയുലകില്‍ സുലഭം'
"ഇവര്‍ ചെയ്യുന്നതിന്നതെന്ന്
അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ"
അങ്ങനെയുമുണ്ട് ഒരു ക്ഷമ.        

Thursday, March 31, 2011

ഇലക്ഷന്‍ 
ആരോപണം പ്രത്യാരോപണം 
ആക്രമണം കൈമലര്‍ത്തല്‍
ചളികലക്കല്‍ ചളി വാരി എറിയല്‍
ഭീഷണി; കൊഞ്ഞനംകുത്തല്‍.
പല്ലിളിക്കല്‍ പല്ല് കടിക്കല്‍,
പല്ല് അടിച്ചു പൊഴിക്കല്‍ 
അട്ടഹാസങ്ങള്‍ കരച്ചിലുകള്‍ വിങ്ങലുകള്‍.
കഴുതയെ ജനമാക്കല്‍
ജനം വീണ്ടും കഴുതയാകല്‍
ശുഭം, മനോഹരം; സഹനം .

Monday, March 28, 2011

പരീക്ഷ 
നമുക്ക് നമ്മെത്തന്നെയും 
മറ്റുള്ളവര്‍ക്ക് നമ്മളെയും 
വെളിപ്പെടുത്തുന്ന അപൂര്‍വ നിമിഷം 
തന്‍റെ ഇഷ്ടവിഷയത്തില്‍ 
ഒരുവന്‍ ശക്തനെന്നും 
പ്രബലനെന്നും തോന്നുന്ന നിമിഷത്തില്‍ 
മുഴങ്ങുകയായി പരീക്ഷ ബെല്‍ 
ഫലം സുനിശ്ചിതം- തോല്‍വി 
പക്ഷെ രണ്ടുണ്ട് പ്രതികരണം 
ന്യായീകരണം അഥവാ പഴിചാരല്‍,
പ്രതിക്കൂട്ടില്‍ ചിലപ്പോള്‍ ദൈവവും 
അഹങ്കാരമായിരുനെന്ന തിരിച്ചറിവ്
സ്വയാശ്രയം നന്നല്ലെന്ന നവബോധം.

Monday, February 28, 2011

തിരിച്ചറിവ്......
      മനസ്സ് , അത് മെരുക്കാനാവാത്ത ഒരു അശ്വമാണെന്ന്   ഞാനെവിടെയോ  വായിച്ചിട്ടുണ്ട് . വാസ്തവം . നിന്നെ എനിക്ക്  ഒരിക്കല്‍ പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തവണയും നീ എന്നെ  കൂടുതല്‍ കൂടുതല്‍ അത്ഭുതപ്പെടുതിക്കൊണ്ടിരിക്കുന്നു . അവസാനമായി നീ എനിക്ക് സമ്മാനിച്ചത് അത്ഭുതം മാത്രമായിരുന്നില്ല തിരിച്ചറിവിന്‍റെ   ആഘാതം കൂടി ആയിരുന്നു . ഞാന്‍ പോലും അറിയാതെ നീ എന്നെ അവനോട് അടുപ്പിച്ചു . അതൊരു അടുപ്പം മാത്രമായിരുന്നില്ലെന്ന തിരിച്ചറിവ് നീ എനിക്ക്  നല്‍കിയത് വൈകിയായിരുന്നു . ക്ഷമിക്കണം , ഞാന്‍ എന്‍റെ മനസ്സിനെ  കുറ്റപ്പെടുത്തി നിന്നെ അല്പം  മുഷിപ്പിച്ചു എന്ന് തോന്നുന്നു . വാസ്തവത്തില്‍ അതൊരു കുറ്റപ്പെടുത്തലിന്‍റെ  സംഭാഷണം അല്ല , മറിച്ച് നിനക്കു  മുന്‍പില്‍ ഞാന്‍ അനാവരണം ചെയ്ത എന്‍റെ മനസ്സാണ് . അതെ ഞാന്‍ നിന്നെ  സ്നേഹിക്കുന്നു, അഗാധമായി .  ഒരു പക്ഷെ  നിന്‍റെ ചിരിയെക്കുറിച്ച്‌  നടത്തത്തെക്കുറിച്ച് പലരും കളിയാക്കിയിരിക്കാം . പക്ഷെ ഞാനതെല്ലാം  വളരെ ഇഷ്ടപ്പെടുന്നു . നിന്നോടുള്ള  എന്‍റെ പ്രണയത്തിനു  നിന്‍റെ  പോരായ്മകള്‍   ഒരിക്കലും  ഒരു തടസമായിരുന്നില്ല , കാരണം ഒരിക്കലും  സുഖപ്പെടുത്താനാവാത്ത  വിധം  അന്ധമാണത്- എന്‍റെ പ്രണയം.  എന്‍റെ ശരീരം എരിഞ്ഞു തീരുവോളം  ആ പ്രണയം മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരിക്കും,  അവസാന  നിശ്വാസത്തിലും  ആ പ്രണയാഗ്നിയുടെ  താപം  എന്നിലുണ്ടാകും . എനിക്കല്ലാതെ  മറ്റാര്‍ക്കാണ്  നിന്നെ നീയായിത്തന്നെ അറിയുന്നത് ; ദൈവത്തിനും.  എന്നെ ഞാന്‍  പ്രണയിച്ചില്ലെങ്കില്‍  എനിക്ക്  മറ്റാരെയെങ്കിലും , മറ്റാര്‍ക്കെങ്കിലും  എന്നെയും  പ്രണയിക്കാന്‍  ആവുമോ ?
ഞാന്‍ പ്രണയിക്കുന്നു എന്നെത്തന്നെ , മാറ്റമില്ലാത്ത  പ്രപഞ്ചസത്യം. മറ്റുള്ളവരെ സ്നേഹിക്കാനായി സ്നേഹിക്കപ്പെടാനായി  ഞാന്‍ എന്നെത്തന്നെ  പ്രണയിച്ചു തുടങ്ങുകയാണ് ................ .