Thursday, August 18, 2011

?????

'integration differentiation'
ഭൂരിപക്ഷത്തെയും വിറപ്പിച്ച 
പിടി കിട്ടാത്ത വല്ലാത്തൊരു സമസ്യ തന്നെ 
ഇപ്പോള്‍ എനിക്ക് മുന്നില്‍
ചോദ്യ ചിഹ്നമായി നില്‍ക്കുന്നത് ഇവയല്ല 
എങ്കിലും സമസ്യ തന്നെ
ഗണിതത്തില്‍ നിന്നും link biology via.
തത്വ ശാസ്ത്രത്തിലേക്ക് ഒരു ചുവടുമാറ്റം 
kidney ക്ക് വില ലക്ഷങ്ങള്‍ 
രക്തദാനം ജീവദാനം- ജീവന്‍റെ വില
നേത്രദാനം മഹാദാനം- വെളിച്ചത്തിന്‍റെ വില
കൂടുന്ന മദ്യ ഉപഭോഗത്തിനാനുപാതികമായി
കരളിന്‍റെ ആവശ്യകതയും ഏറുന്നു
മാറുന്ന ജീവിത ശൈലി 
മാറ്റുന്നു ഹൃദയങ്ങളെ
വില മിച്ചവും ഗുണം തുച്ചവുമായ 
heart transplantation കള്‍
അങ്ങനങ്ങനെ മനുഷ്യ ശരീര differentiation
കോടികളുടെയും കോടിക്കോടികളുടെയും
തിളക്കമേകുമ്പോള്‍
ഇവയുടെ integrated solution ആയ 
മനുഷ്യ ശരീരം അതായത് മനുഷ്യജീവിതം 
വിലയില്ലാത്തതായി വിലയം പ്രാപിക്കുന്നു-
"conditions apply"
only applicable to പിണം 
'പണമില്ലാത്തവന്‍ പിണം'
(പണമില്ലായ്മ+power ഇല്ലായ്മ)2 equal to
total ignorance2+2* മതിപ്പില്ലായ്മ+ വിലയില്ലായ്മ2 



Friday, July 1, 2011

നോക്കുകുത്തി

ലൂയി പതിനാലാമാനും 
പത്നിക്കും അഭിമാനിക്കാം 
കുഴിമാടത്തിലിരുന്നു പുളകമണിയാം
രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷവും 
അവര്‍ക്ക് പിന്‍ഗാമികളേറെ 
അപ്പത്തിനു പകരം കേക്ക് വിഴുങ്ങാന്‍-
പച്ചയ്ക്ക് പറയാതെ പറയുന്നവര്‍
'ഇന്ധന വില മാസാമാസം 
കുതിയ്ക്കുന്നത് ഭാവിയില്‍ 
inflation കുറയ്ക്കുമെന്ന്' ഒരാള്‍,
തലപ്പത്തിരുന്നു ബാങ്ക് interest curve
90 ഡിഗ്രിയ്ക്ക് വച്ച് മര്‍ക്കടമുഷ്ടി 
പിടിക്കുന്ന മറ്റൊരാള്‍ 
inflation അപ്പോഴും 
പിടി കൊടുക്കാത്ത കള്ളനെ പോലെ....
വിശക്കുന്ന  വയറുകള്‍ക്ക്‌
എണ്ണത്തില്‍  ഒട്ടും കുറവില്ലാത്തത് പോല്‍   
ധാന്യശേഖര അറയില്‍ 
നശിച്ചുകൊണ്ടിരിക്കുന്ന ധാന്യമണികള്‍ക്കുമില്ല
കയ്യും കണക്കും.
ചാവുന്ന വയറിലേക്ക് 
നശിക്കുന്ന ഒരു ധാന്യമണിയെങ്കിലും 
എത്തിക്കാന്‍ നിയമമ്മില്ലത്രേ?
ടാറ്റയ്ക്കും ബിര്‍ലയ്ക്കും അമ്ബാനിമാര്‍ക്കും
എന്തിനു എം.പിമാര്‍ക്കും ക്രിമിനലുകള്‍ക്കും വരെ 
നിയമ ഭേദഗതി  ഒരുദിവസത്തിനുള്ളില്‍
വിശക്കുന്ന- ചാവുന്ന വയറുകള്‍ക്ക്‌
മുന്നില്‍ നിയമം വെറും നോക്കുകുത്തി 
മറുഭാഗത്ത്‌ 'ജീവിക്കുന്ന' പ്രജകള്‍ 
അവര്‍ക്കിടയിലെ മരിക്കുന്ന വയറുകള്‍ക്ക്‌ മുന്‍പില്‍
കണ്ണു പൊത്തി ചെവിപൊത്തി വായപൊത്തി
ചലനമില്ലാത്ത നോക്കുകുത്തിയായി......

Tuesday, June 21, 2011

പള്‍സ്
ചിരിച്ചു ചിരിച്ചു ചിരിച്ചു....... വയറു കൊളത്തിപ്പിടിച്ചു. ആരാന്‍റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ അല്ലേലും കാണാന്‍ കുറച്ചു ചന്തമൊക്കെ തോന്നും, പക്ഷെ ഇത് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല, ഹെന്‍റെമ്മോ ! പറഞ്ഞു വരുമ്പോള്‍ നിങ്ങള്‍ക്ക്  ചിലപ്പോള്‍ ചിരി വരണം എന്നൊന്നും ഇല്ല; പക്ഷെ എനിക്ക് ചിരിച്ചു കൂടെ? 'ആട്ടം നോട്ട'ത്തില്‍  കവി കെ.ആര്‍.ടോണി പറഞ്ഞതുപോലെ......... 
കലാലയ അന്തരീക്ഷം ഒരിയ്ക്കലും സ്ടാറ്റിക് അല്ല ഡയനാമിക് ആണ്; അത്  മാറ്റങ്ങളുടെ പ്രളയനിലമാണ്‌. ഇന്നലത്തെ കലാലയ ജീവിതമല്ല ഇന്നത്തെ ക്യാംപസുകളില്‍ ഉള്ളത്, നാളെ അത് മറ്റൊന്നായിരിക്കുകയും ചെയ്യും. അവിടങ്ങളിലെ അന്തരീക്ഷമാകട്ടെ ഒന്ന് മറ്റൊന്നിന് സമാനവുമല്ല, എന്നാല്‍ ചില പൊതു ട്രെണ്ടുകള്‍ ഉണ്ട് താനും.
വായനക്കാരായ നിങ്ങള്‍ക്ക് ചിരി വരാത്ത എന്നാല്‍ എനിക്ക് ചിരി അടക്കാനാവാത്ത സംഭവം വിവരിക്കാന്‍, ഇത്രയും ഘനമായ മുഖവുര മതിയെന്ന് തോന്നുന്നു. കാര്യത്തിലേക്ക് കടക്കാം, എന്‍റെ കോളേജില്‍  പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ ഇടയില്‍ കൂടിവരുന്ന ഒരു പുതിയ കൂട്ടമാണ്‌, 'ശശികള്‍' ഇത്രയും എഴുതിത്തീര്‍ന്നപ്പോഴെക്കും  എന്‍റെ മനസ്സിലേക്ക് രണ്ടു ഭയങ്ങളാണ് ഓടിക്കയറിയത് -ഇതെങ്ങാനും കേട്ട് സംഗതി 'ഇത്രയേ ഉള്ളൂ' എന്നറിയുന്നതിനു മുന്‍പ്  വല്ല ചാനലുകാരും വട്ട മേശ സമ്മേളനമോ, ആളുകളെ അപ്പുറവും ഇപ്പുറവും ഇരുത്തി ചുക്കാന്‍ പിടിക്കുന്ന ആള്‍ നടുക്കളത്തില്‍ ചവിട്ടുനാടകമോ മറ്റോ അരങ്ങേറുമോ എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്,   യഥാര്‍ത്ഥത്തില്‍ " ശശി " എന്ന പേരുള്ളവര്‍ സംഘടിച് എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയോ 'കാണേണ്ട വിധം ' കാണുകയോ ചെയ്യുമോ എന്നതാണ്. രണ്ടാമത്തെ കൂട്ടരോട് ഒന്ന് പറഞ്ഞു കൊള്ളട്ടെ, ആ പേരിട്ടതും പ്രചരിപ്പിച്ചതും ഞാനല്ല എപ്പോളോ എങ്ങനെയോ അത് പൊട്ടിമുളച്ചു. ആരും copy right ഉം കൊണ്ട് വരികയും ഇല്ല . കാര്യം 'നിസ്സാരം' പഴയ 'രമണന്‍റെ' പുതിയ കാലഘട്ടത്തിലെ പുതിയ മുഖം. പക്ഷെ പുതിയ രമണന്‍മാര്‍ താടി നീട്ടി വളര്‍ത്തി ശോകഗാനവും പാടി ഒരു തുണ്ട് കയറിലോ അഗാധമായ കൊക്കയിലോ 'മരണന്മാര്‍' ആകാന്‍ ഒരുക്കമല്ല. അവരിപ്പോള്‍ വളരെ ബോള്‍ഡ് ആണ്, അത്തരം തീരുമാനങ്ങളിലേക്ക് അവരെ നയിക്കണമെങ്കില്‍ വീട്ടുകാര്‍ "മഴ ആയതു കൊണ്ട്  ഇന്ന് ബൈക്ക് എടുക്കേണ്ട" "മൊബൈല്‍ അപ്പ്‌ ഗ്രേഡ് ചെയ്യുന്നത് ഇന്ന് വേണ്ട നാളെയാക്കാം" അങ്ങനെ നീളുന്ന 'അതിഘോര'മായ statementകള്‍ ഇറക്കേണ്ടതുണ്ട്. കാമ്പസിലെ പുതിയ അസ്സോസ്സിയേഷന്‍ ആണ്  C.P.A ( ചോര പോയവരുടെ അസ്സോസ്സിയേഷന്‍ ) 'ശശി'കള്‍ ആണ് അതിലെ members.ഏറ്റവും കൂടുതല്‍ 'ശശി' ആയവന്‍ പ്രസിഡന്‍റെ, അത് കഴിഞ്ഞു സെക്രടറി അങ്ങനെ അസ്സോസ്സിയേഷനിലെ സ്ഥാനങ്ങള്‍ പോകുകയായി.അടുത്ത കോളേജ് ഇലക്ഷനില്‍ മുഖ്യധാരാ പാര്‍ട്ടികളോടൊപ്പം C.P.A ഉം മത്സരിക്കുന്നുണ്ടെന്നൊരു വാര്‍ത്ത കേട്ടു, ഉള്ളതോ എന്തോ?!
                ഓരോ membersന്‍റെയും  'കദന' കഥകള്‍ വ്യത്യസ്തമാണ്. ഈ അടുത്ത് ഒരു memberന്‍റെ  കഥ ഞാന്‍ അറിഞ്ഞത് ഇങ്ങനെയാണ്...
      അവനു membership അംഗീകരിക്കാന്‍ ഒരു പ്രങ്ങ്യാസം. തന്‍റെ പ്രണയം കഥാനായിക നിഷേധിച്ചെങ്കിലും അവള്‍ പഴയത് പോലെ തന്നെ നന്നായി ചിരിക്കുന്നു തന്നോട് സംസാരിക്കുന്നു....... ഇതെല്ലം അവനെ പ്രതീക്ഷ കൈവെടിയാന്‍ വിസമ്മതിക്കുന്നു. തന്നില്‍ ഇപ്പോഴും പ്രതീക്ഷകള്‍ ഉണ്ടെന്നു മനസ്സിലാക്കിയ അവന്‍റെ ഉറ്റ സുഹൃത്ത്‌ അവന്നു കരുത്തേകി, ആത്മവിശ്വാസം പകര്‍ന്നു. നമ്മുടെ കഥാനായകന്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലാത്ത 'രഹസ്യം' എന്താണെന്നുവെച്ചാല്‍ അവനു ആത്മധൈര്യം പകര്‍ന്ന, ഇപ്പോഴും തോളില്‍ കൈവെച്ചു നടക്കുന്ന അവന്‍റെ       
ആത്മസുഹൃത് പിറ്റേന്ന് തന്നെ പോയി കഥാനായികയോട് പ്രണയാഭ്യര്‍ത്ഥന നടത്തി എന്നുള്ളതാണ്. ആത്മസുഹൃത്തിന്‍റെ  പ്രണയാഭ്യര്‍ത്ഥന കഥാനായിക സ്വീകരിച്ചോ ഇല്ലയോ എന്നതൊക്കെ കഥയ്ക്ക് പുറത്തുള്ള ചോദ്യം, അതിനുത്തരം ആലോചിച്ചു തലപുകയ്ക്കാന്‍ നിങ്ങളോടൊപ്പം ഞാനില്ല. എന്‍റെ മനസ്സ് ഇപ്പോഴും കഥാനായകനോടൊപ്പം തന്നെയാണ്, അയാളിപ്പോഴും തന്‍റെ മുളപൊട്ടിയ പ്രതീക്ഷകള്‍ക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുക തന്നെയാണ്......
സുഹൃത്തേ നിന്നോടെനിക്ക് ഒന്നേ പറയാനുള്ളൂ, 
          "പ്രണയം ദുഖമാണ് ഉണ്ണീ
           ഒറ്റയ്ക്കല്ലോ സുഖപ്രദം"(കവി ക്ഷമിക്കുക)

Friday, May 27, 2011

1:1

ഭൂതകാലത്തിന്റെ നൊമ്പരങ്ങളെ 
 നിങ്ങളെന്തിനെന്നെ
വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുന്നു
ഓരോ ഉയിര്‍ത്തെഴുനേല്‍പ്പിനും
പുനര്‍ജന്മത്തിനും ഒടുവില്‍
മറവി കൂട്ടുവന്നിരുന്നെങ്കില്‍
നല്ല ഓര്‍മ്മകള്‍ മായ്ക്കാതെ,
അതുണ്ടെന്നു ആകില്‍;
ഇപ്പോഴും ചോരകിനിയുന്ന
മുറിവുകള്‍...... 
പാടെ മായ്ക്കപ്പെടെണ്ടതായിരുന്നു.
പിന്നീട് ഞാനറിഞ്ഞു
ആരോ പറഞ്ഞതാവാം
അല്ലെങ്കില്‍ പലപ്പോഴായി
ജീവിതം എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നതിനിടയ്ക്കു
മൊഴിഞ്ഞതും ആവാം
എങ്ങനെ ആയിരുന്നാലും ഞാന്‍ കേട്ടു.
വലിയ വീഴ്ചകള്‍ക്കൊടുവില്‍
എഴുന്നേല്‍ക്കാന്‍, പിന്നെ വേച്ചു നടക്കാന്‍
ഇരു കക്ഷത്തിനിടയിലും തിരുകുന്ന
ഊന്നുവടികളാണ് അവയെന്ന്-
മധുരസ്മൃതികളും കൊടിയനൊമ്പരങ്ങളും
അവയങ്ങനെ 1 : 1  അനുപാതത്തില്‍
ഇടതും വലതുമായി കൂട്ടിരിക്കുന്നു
അനുപാതം തെറ്റിയെന്നു
തെറ്റുദ്ധരിച്ചവരാകട്ടെ
അഹങ്കാരത്തെയോ   ഒരു തുണ്ട് കയറിനെയോ
തേടിപ്പോയി ......
മണ്ടന്മാര്‍, ജീവിതത്തെയും
പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് അക്കൗണ്ടില്‍
ആക്കിയ  തിരുമണ്ടന്മാര്‍


Thursday, May 5, 2011

ക്ഷമ
ക്ഷമക്കും വെച്ചിരിക്കുന്നു 
ഒരു നെല്ലിപ്പടി- അതിരായി!
എങ്കില്‍ അതെങ്ങനെ ക്ഷമയാകും?
മാതാ പിതാക്കള്‍ നല്‍കുന്ന-
-തൊരു ക്ഷമ,
നിയമം കണ്ണടക്കുമ്പോള്‍
ലഭിക്കുന്നു അല്പായുസ്സായ
വല്ലാത്തൊരു ക്ഷമ,
കഴുതയെന്നു പരിഹസിക്കപ്പെടുന്ന
ജനങ്ങള്‍, തുടരെ നല്‍കുന്നു
ഒരിയ്ക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ക്ഷമ
 വിദ്യാര്‍ഥികളുടെ അസഹിഷ്ണുതയുടെ ക്ഷമയ്ക്ക്
ആപേക്ഷികമാകുമോ അധ്യാപകരുടെ
ക്ഷമയെന്നു സന്ദേഹം
സ്ത്രീയുടെ ക്ഷമയ്ക്ക്
സഹനത്തിന്റെ പരിവേഷം
അങ്ങനങ്ങനങ്ങനെ 
ക്ഷമകള്‍ 'പലവിധമീയുലകില്‍ സുലഭം'
"ഇവര്‍ ചെയ്യുന്നതിന്നതെന്ന്
അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ"
അങ്ങനെയുമുണ്ട് ഒരു ക്ഷമ.        

Thursday, March 31, 2011

ഇലക്ഷന്‍ 
ആരോപണം പ്രത്യാരോപണം 
ആക്രമണം കൈമലര്‍ത്തല്‍
ചളികലക്കല്‍ ചളി വാരി എറിയല്‍
ഭീഷണി; കൊഞ്ഞനംകുത്തല്‍.
പല്ലിളിക്കല്‍ പല്ല് കടിക്കല്‍,
പല്ല് അടിച്ചു പൊഴിക്കല്‍ 
അട്ടഹാസങ്ങള്‍ കരച്ചിലുകള്‍ വിങ്ങലുകള്‍.
കഴുതയെ ജനമാക്കല്‍
ജനം വീണ്ടും കഴുതയാകല്‍
ശുഭം, മനോഹരം; സഹനം .